മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് ഓഖി ഫണ്ടില്‍നിന്ന് എട്ട് ലക്ഷം വിവാദമായപ്പോള്‍ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര. വിവാദമായപ്പോള്‍ ഉത്തരവ് പിന്‍വലിച്ച് തടിയൂരി. സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത്. യാത്രയ്ക്ക് എട്ടുലക്ഷം രൂപ ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ചെലവഴിച്ചെന്നാണ് കണക്കുകള്‍.
കഴിഞ്ഞ 26ന് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് പറന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് യാത്ര ചെയ്തു. ഇതുസംബന്ധിച്ച് കഴിഞ്ഞ 28ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബംഗളൂരു ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 13,09,800 രൂപയുടെ ബില്‍ സംസ്ഥാന പൊലിസ് മേധാവിയ്ക്കാണ് നല്‍കിയത്. ഡി.ജി.പി ഇത് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് കൈമാറി. ഇതേത്തുടര്‍ന്ന് ദുരന്തനിവാരണ വകുപ്പ് എട്ടു ലക്ഷം രൂപ വക മാറ്റി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കുന്ന കേന്ദ്രസംഘത്തെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകക്കെടുത്ത് സഞ്ചരിച്ചതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്നേദിവസം കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നില്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് മാത്രമേ തുക അനുവദിക്കാവൂ എന്നിരിക്കേ മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് തുക അനുവദിച്ചത് ചട്ടലംഘനമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ യാത്രാചെലവുകള്‍ സാധാരണ വഹിക്കുന്നത് പൊതുഭരണ വകുപ്പാണ്. എന്നാല്‍ അന്നേദിവസം തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഇല്ലാത്തതിനാലും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനാലും ഹെലികോപ്റ്റര്‍ വാടക നല്‍കാന്‍ കഴിയില്ലെന്ന് ഡി.ജി.പിയെ പൊതുഭരണ വകുപ്പ് അറിയിച്ചത്രേ. തുടര്‍ന്നാണ് ദുരന്ത നിവാരണ വകുപ്പിനെ ഡി.ജി.പി സമീപിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പി.എച്ച് കുര്യന്‍ പണം നല്‍കുകയും ചെയ്തു. വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയുടെ നാട്ടികയിലെ വീടിനു സമീപത്തെ ഹെലിപാഡാണ് യാത്രയ്ക്ക് ഉപയോഗിച്ചത്.
ഓഖി ഫണ്ടില്‍ നിന്ന് പണം അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉണ്ടായതോടെ ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇക്കാര്യം വിമര്‍ശന വിധേയമാകുമെന്ന കണക്കുകൂട്ടലും ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടാനും മുഖ്യമന്ത്രിയുടെ ഓഫിസിന് നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ചയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം കൂടുക. വളരെ അത്യാവശ്യമാണെങ്കില്‍ നേരത്തെ കൂടും. എന്നാല്‍ ഈ മന്ത്രിസഭാ യോഗം നേരത്തെ കൂടേണ്ട ആവശ്യവും ഇല്ലായിരുന്നു. പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കാനും സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയ്ക്ക് പുതിയ പദവി നല്‍കാനും നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനുമായിരുന്നു മന്ത്രിസഭാ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ മന്ത്രിസഭായോഗത്തിനെത്തിയെങ്കിലും പല മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ നവംബര്‍ ആറിന് മധുരയില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്. സംസ്ഥാന പൊലിസ് ആസ്ഥാനത്തു നിന്നാണ് വിമാനം ബുക്ക് ചെയ്തത്. ഇതിന്റെ വാടക ഏത് കണക്കില്‍ പെടുത്തിയാണ് കൊടുത്തതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."