പ്രതിഭ തെളിയിച്ച് അവരും...
കൊച്ചി: മുണ്ടും കുപ്പായവും തട്ടവുമൊക്കെയിട്ട് മണവാട്ടിക്കുചുറ്റും കൈകൊട്ടി പാടാനെത്തിയവരില്‍ കൂടുതല്‍ പേരും ആണ്‍കുട്ടികളായിരുന്നു. കൈകള്‍ പരസ്പരം കൊട്ടാന്‍ സാധിക്കാതെയും ചാടിക്കളിക്കാന്‍ കഴിയാതെയും ചിലര്‍ ബുദ്ധിമുട്ടി. മറ്റ് ചിലരാകട്ടെ ഒപ്പന കളിക്കുന്നതിനിടെ വീണു. എന്നിട്ടും ആരും മത്സരത്തിനിടയ്ക്ക് പിന്മാറിയില്ല. മണവാട്ടിയെയുംകൊണ്ട് സ്റ്റേജില്‍ നിന്ന് പോകുന്നതുവരെ അവര്‍ ഭംഗിയായി കളിച്ചുതീര്‍ത്തു.
തൃക്കാക്കര ഭാരത മാതാ കോളജില്‍ പുരോഗമിക്കുന്ന സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സീനിയര്‍ വിഭാഗം ഒപ്പന മത്സരത്തില്‍ നിബന്ധനകള്‍ കര്‍ശനമാകാതിരുന്നതിനാലാണ് ആണ്‍കുട്ടികള്‍ മൊഞ്ചത്തികളുടെ വേഷംകെട്ടി ഒപ്പനയ്ക്ക് ചുവടുവയ്ക്കാനെത്തിയത്. കോഴിക്കോട് റഹ്മാനിയ സ്‌കൂളില്‍ നിന്നെത്തിയ ഏഴംഗ സംഘത്തില്‍ മണവാട്ടിയും കളിക്കാനെത്തിയ ഒരാളുമൊഴിച്ച് ബാക്കി അഞ്ച് പേരും ആണ്‍കുട്ടികള്‍. ഇവരില്‍ നാലുപേര്‍ ഇരട്ടകളായിരുന്നു. തങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന രീതിയില്‍ ഇവര്‍ ആടിത്തകര്‍ത്തു. ഒപ്പന കഴിഞ്ഞപ്പോള്‍ ചിലരൊക്കെ തളര്‍ന്നുവീണു. മത്സരം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ പരിഭവം. ഇവിടെ മിനുസപ്പെട്ട തറയായതിനാല്‍ തെന്നിവീണെന്നായിരുന്നു ചിലരുടെ പരാതി. ഇരട്ടകളായ മുഹമ്മദ് ഷംനാസ്,മുഹമ്മദ് ഷഹബാസ് , മുഹമ്മദ് ഷഫീഖ് ,മുഹമ്മദ് ജമാല്‍ എന്നിവരും അദിന്‍ ഫര്‍ഹാന്‍,സുന്തൂസ്,നാജിയ എന്നിവരുമാണ് റഹ്മാനിയയില്‍ നിന്ന് ഒപ്പനകളിക്കാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."