ശീതകാല ഒളിംപിക്‌സിന് ഉ.കൊറിയയില്‍നിന്ന് വന്‍സംഘത്തെ അയക്കാന്‍ ധാരണയായി
സിയൂള്‍: കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങി ഒടുവില്‍ സമാധാനത്തിലേക്കു നീങ്ങുന്നതായി പ്രതീക്ഷയുണര്‍ത്തുന്ന സൂചനകള്‍ പുറത്തുവരുന്നു. മാസങ്ങളായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും ചേര്‍ന്ന് മേഖലയില്‍ രൂക്ഷമായ ആണവ-മിസൈല്‍ തര്‍ക്കത്തിനിടെ സിയൂളില്‍ ഇരുകക്ഷികളും പങ്കെടുത്ത ഉന്നതതല യോഗം ചേര്‍ന്നു.
അടുത്ത മാസം ദ.കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഭാഗമായാണ് മേഖലയുടെ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ വഴിത്തിരിവുണ്ടാക്കുന്ന യോഗം നടന്നത്. അത്‌ലറ്റുകളും ഔദ്യോഗികവൃത്തങ്ങളും അടങ്ങുന്ന പ്രതിനിധി സംഘത്തെ തന്നെ ഒളിംപിക്‌സിന് അയക്കുമെന്ന് ഉ.കൊറിയ അറിയിച്ചു. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുകൊറിയയിലെയും ഉന്നതവൃത്തങ്ങള്‍ ഒരു ഉന്നതതല യോഗത്തില്‍ ഒരുമിച്ചു പങ്കെടുക്കുന്നത്. ഒളിംപിക്‌സും മറ്റു നയതന്ത്ര പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനായി ദ.കൊറിയ നേരിട്ടാണ് പാന്‍മുന്‍ജോമിലെ പീസ് വില്ലേജില്‍ യോഗം വിളിച്ചുചേര്‍ത്തത്. ഓരോ ഭാഗത്തുനിന്നും അഞ്ചുവീതം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം ഇരുരാഷ്ട്രങ്ങളുടെയും തലവന്മാര്‍ തത്സമയം വീക്ഷിച്ചതായും വിവരമുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടുവര്‍ഷത്തോളമായി റദ്ദാക്കിയിരുന്ന അടിയന്തര സൈനിക ടെലഫോണ്‍ സംവിധാനം ഇന്നു മുതല്‍ പുനഃസ്ഥാപിക്കുമെന്ന് ദ.കൊറിയ അറിയിച്ചിട്ടുണ്ട്.
ഉന്നതതല പ്രതിനിധിസംഘം, ദേശീയ ഒളിംപിക്‌സ് കമ്മിറ്റി പ്രതിനിധികള്‍, അത്‌ലറ്റുകള്‍, കലാകാരന്മാര്‍, നിരീക്ഷകര്‍, ത്വയ്‌ക്കോണ്ടോ സംഘം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വലിയ സംഘത്തെ തന്നെ ഒളിംപിക്‌സിന് അയക്കാന്‍ ഉ.കൊറിയ സന്നദ്ധത അറിയിച്ചതായി ദ.കൊറിയന്‍ വൈസ് യൂനിഫിക്കേഷന്‍ മന്ത്രി ചുന്‍ ഹൈ-സങ് മാധ്യമങ്ങളോടു പറഞ്ഞു. പ്യൂങ് ചാങ്ങില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരുകൊറിയകളുടെയും അത്‌ലറ്റുകള്‍ ഒന്നിച്ച് മാര്‍ച്ച് ചെയ്യും. 2006ല്‍ നടന്ന ശീതകാല ഒളിംപിക്‌സിന്റെ തനിയാവര്‍ത്തനമാകുമിത്.
ഒളിംപിക്‌സ് ഒരുക്കത്തിനു പുറമെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രപരമായ നിരവധി ശ്രദ്ധേയ തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്. കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് വേര്‍പ്പെടുപോയ കുടുംബങ്ങളെ ഒന്നിപ്പിക്കണമെന്ന ആവശ്യം ദ.കൊറിയ മുന്നോട്ടുവച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏറെ വൈകാരികമായ ഈ വിഷയത്തില്‍ ഒളിംപിക്‌സിനിടെ തന്നെ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ഉ.കൊറിയയുടെ ആണവ പദ്ധതിയെ കുറിച്ചും സൈനിക പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച പുനരാരംഭിക്കണമെന്നും ദ.കൊറിയ ആവശ്യപ്പെട്ടു. പുതിയ നടപടികളെ സുഗമമാക്കാന്‍ നേരത്തെ യു.എന്‍ തീരുമാന പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന വിവിധ മേഖലകളിലുള്ള ഉപരോധങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് ദ.കൊറിയ അറിയിച്ചു. ഈ വിഷയങ്ങളിലുള്ള ഉ.കൊറിയയുടെ പ്രതികരണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."