അന്യായമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റല്‍: അറബിക് കോളജ് മുന്‍ അധ്യാപകനെതിരേ അന്വേഷണം
കോഴിക്കോട്: ദീര്‍ഘകാല അവധിയില്‍ വിദേശത്ത് ജോലി ചെയ്തതിന് ശേഷം അന്യായമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്ന പരാതിയില്‍ അറബിക് കോളജ് മുന്‍ അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. സുല്ലമുസ്സലാം അറബിക് കോളജ് അധ്യാപകനായിരുന്ന പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനിക്കെതിരേയാണ് കോഴിക്കോട് എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി വി. പ്രകാശ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സുല്ലമുസ്സലാം അറബിക് കോളജില്‍ അധ്യാപകനായിരിക്കേ ദീര്‍ഘകാല അവധിയില്‍ കുവൈത്തില്‍ ജോലി ചെയ്ത അബ്ദുല്‍ ലത്തീഫ് വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ കോളജില്‍ തിരികെയെത്തി. എന്നാല്‍ വീണ്ടും രോഗാവധിയിയെടുത്ത് മുന്‍പ് ജോലി ചെയ്തിരുന്ന കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയില്‍ തന്നെ ജോലി ചെയ്യുകയും അവധിയെടുത്ത സമയം സര്‍വിസ് കാലമായി പരിഗണിച്ച് കേരള സര്‍ക്കാരില്‍ നിന്ന് അന്യായമായി പെന്‍ഷന്‍ പറ്റുകയും ചെയ്യുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാത്തതിനെതിരേ കോഴിക്കോട് സ്വദേശി മനയിടത്ത് അബ്ദുല്‍ ഖാദര്‍ അഡ്വ. സി.എം പ്രദീക് കുമാര്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. ഇതേവിഷയത്തില്‍ മലപ്പുറം വിജിലന്‍സ് യൂനിറ്റ് നടത്തിയ മറ്റൊരന്വേഷണം തള്ളിക്കളഞ്ഞുകൊണ്ടാണ് അബ്ദുല്‍ ലത്തീഫിനെതിരേ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."