സിക വൈറസ്: റിയോ ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് ഡബ്യു.എച്ച്.ഒ യോട് ശാസ്ത്രജ്ഞര്‍
റിയോ ഡി ഷാനെയ്‌റോ: സിക വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് ബ്രസീലില്‍ നിന്നും മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ ലോകാരോഗ്യസംഘടനയ്ക്ക് തുറന്ന കത്തെഴുതി.ലോക പ്രശസ്ത സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമുള്‍പ്പെടെ 150 ഓളം വിദഗ്ദരാണ് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ച തുറന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
സിക വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് പോലൊരു വലിയ കായിക മാമാങ്കവുമായി മുന്നോട്ട് പോകുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന് ശാസ്ത്രജ്ഞര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിലെ കാര്യക്ഷമമല്ലാത്ത കൊതുകുനിവാരണ സംവിധാനങ്ങളും ആരോഗ്യമേഖലയിലെ മോശം നിലവാരവും ഒളിംപിക്‌സ് നടത്താന്‍ പര്യാപ്തമല്ലെന്നും ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി അഞ്ച് ലക്ഷത്തോളം പേര്‍ റിയോയിലെത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ശാസ്ത്രജ്ഞരുടെ കത്തിലുണ്ട്. ഇന്റര്‍ നാഷണല്‍ ഒളിംപിക്‌സ് കമ്മറ്റിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ പോവരുതെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയെ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഒളിംപിക്‌സ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയുടെ നിലപാട്. ആഗസ്റ്റ് 5 മുതല്‍ 21 വരെയാണ് റിയോ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."