കൊടുംതണുപ്പില്‍ വിറച്ച് ഖത്തര്‍
ദോഹ: കൊടുംതണുപ്പ് ഖത്തറിലെ ജനജീവിതത്തെ ബാധിച്ചു. സൈബീരിയന്‍ അതിസമ്മര്‍ദം സൃഷ്ടിച്ച ശക്തമായ കാറ്റാണ് ഖത്തറില്‍ അതിശൈത്യത്തിന് ഇടയാക്കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച കാറ്റും തണുപ്പും ഇന്നലെയും തുടര്‍ന്നു. കാറ്റിന്റെ വേഗത ഇന്നലെ ചില സമയങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയെത്തി. കൊടും തണുപ്പ് മൂലം മിക്കവരും വീടുകള്‍ക്കുള്ളില്‍ തന്നെ ഒതുങ്ങിക്കൂടി. കാലാവസ്ഥ പൊടുന്നനെ മാറുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. വാരാന്ത്യത്തില്‍ ശരാശരി താപനിലയേക്കാള്‍ മൂന്ന് മുതല്‍ ആറു ഡിഗ്രി വരെ കുറയുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ മിസൈദില്‍ ഏറ്റവും കുറഞ്ഞ താപനില എട്ട് ഡിഗ്രിവരെയെത്തി. അബൂസംറ, അല്‍ഖോര്‍, ദുഖാന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രിയായിരുന്നു. ദോഹയില്‍ 10 മുതല്‍ 15 ഡിഗ്രിവരെയായി. അതേ സമയം, ഇന്നു ദോഹയില്‍ പരമാവധി താപനില 19 ഡിഗ്രിയിലെത്തുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ചാറ്റല്‍ മഴയും അനുഭവപ്പെട്ടിരുന്നു. വഖ്‌റ, വുഖൈര്‍, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ്, മതാര്‍ ഖദീം തുടങ്ങിയ ഭാഗങ്ങളിലെല്ലാം മഴ പെയ്തു.
ഒമാനില്‍ വിമാനങ്ങള്‍ വൈകി
മസ്‌കത്ത്: ശക്തമായ ശീതക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു. പല വിമാനങ്ങളും വൈകുകയും ചില സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തു.
കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനു ശേഷം സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അറിയിപ്പ്. സലാലയിലെ മോശം കാലാവസ്ഥ മൂലം സലാം എയറും വിമാനങ്ങള്‍ റദ്ദാക്കി. പലയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."