സ്വന്തം നാശത്തിന് കുഴിവെട്ടുന്നവര്‍
2003-04 വര്‍ഷത്തില്‍ തുലാവര്‍ഷം ചതിച്ചതുമൂലമുളള കഠിനമായ വരള്‍ച്ചയാണ് നമുക്ക് മുന്നില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയായി നാം വിലയിരുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ വേനല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്തതും ഭാവിയില്‍ ഇത്തരത്തിലുള്ള കൊടുംതപമുണ്ടാകുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് മുന്നോട്ടുവെക്കുന്നത്. അന്തരീക്ഷ താപനില 41 ഡിഗ്രിവരെ ഉയര്‍ന്നത് നമ്മുടെ മുന്നില്‍ വ്യക്തമാക്കുന്നത് അടിയന്തരമായ ഒരു ജലമാനേജ്‌മെന്റ് നയം വേണമെന്നതാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ശുദ്ധജലത്തിന്റെ ക്ഷാമമായിരിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും ഇതിലേക്ക് ശ്രദ്ധതിരിക്കാനോ എല്ലാവര്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനോ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കാടുകള്‍ നശിപ്പിച്ചും കുന്നുകള്‍ ഇടിച്ച് ചതുപ്പു നിലം നികത്തിയും കെട്ടിട നിര്‍മാണത്തിനായി നിലമൊരുക്കി. പുഴകളില്‍ നിന്ന് നിര്‍ലോഭം മണലെടുത്ത് അതിന്റെ സ്വാഭാവികത നശിപ്പിച്ചു. മഴവെള്ളത്തിന്റെ ഏറിയ ഭാഗവും ഉപരിതല പ്രവാഹമായി ഒഴുകിപോകാനുള്ള സൗകര്യവും നാം ഒരുക്കിയെടുത്തു. ഇതോടെ ക്രമേണ ഭൂമിയുടെ ഉര്‍വരത പൂര്‍ണമായും നശിപ്പിച്ചു കളയുകയാണ് ചെയ്തത്. ഇത് ഒരാളുടെ മാത്രം ചെയ്തിയായി കാണാനാകില്ല. സര്‍ക്കാറുകള്‍, ഭൂമാഫിയകള്‍, വ്യക്തികള്‍ എന്നു തുടങ്ങി ഓരോരുത്തരും ഇതിന് കാരണക്കാരനാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഭൂമിയിലാകെയുള്ള വെള്ളം 2535.33 കോടി ഘനകിലോമീറ്ററാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 141.33 കോടി ഘനമീറ്റര്‍മാത്രമേ സ്വതന്ത്രാവസ്ഥയിലുള്ളൂ. ഇതില്‍ 97.13 ശതമാനവും ലവണാംശമുള്ള സുദ്രജലമാണ്. മനുഷ്യര്‍ക്ക് എടുത്തുപയോഗിക്കാന്‍ കഴിയുന്നത് തടാകങ്ങള്‍, പുഴകള്‍ തുടങ്ങിയ ജലസ്രോതസുകളില്‍ നിന്നുള്ളതാണ്. അതായത് ഇത് 0.02 ശതമാനം മാത്രമാണെന്നതാണ് വാസ്തവം.
എടുത്താല്‍ തീര്‍ന്നുപോകാത്ത വിധത്തിലുള്ളതാണ് ഭൂമിയിലെ വെള്ളം. മഴയായും മഞ്ഞായും ഇതെല്ലാം നമുക്ക് ഒരു ചാക്രികമെന്നവണ്ണം നല്‍കികൊണ്ടേയിരിക്കുകയാണ്. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തിന്റെ അളവ് ശരാശരി 14,000 ഘന കിലോമീറ്ററാണ്. ഒരു വര്‍ഷത്തില്‍ ഭൂമിയില്‍ പതിക്കുന്ന ശരാശരി 5,02,000 ഘനമീറ്റര്‍ വെള്ളമാണ്. അന്തരീക്ഷ ജലം എല്ലാവര്‍ഷവും 35 മുതല്‍ 36 പ്രാവശ്യം മഴയായും മഞ്ഞുമായി ഭൂമിയില്‍ പതിക്കുകയും സ്വേദനവും ബാഷ്പീകരണവും വഴി വീണ്ടും അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നു.(ജനപക്ഷ ജലനയം-ഡോ.എ.അച്യുതന്‍). ഈ ചാക്രിക സംക്രമണത്തിന് ഒരു തരത്തിലുള്ള മനുഷ്യപ്രയത്‌നങ്ങളും ആവശ്യമില്ല.
ഇത്തരത്തില്‍ വെള്ളം ഓരോ വര്‍ഷവും നമുക്ക് ആവശ്യമുള്ള വിധത്തില്‍ ലഭ്യമായികൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ജലസംഭാവന വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതും ഉള്ളവ നശിപ്പിക്കുന്നതുമാണ് കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് കേരളത്തില്‍ മഴപെയ്യുന്നത്. 65 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് പ്രതിവര്‍ഷം കേരളത്തില്‍ മഴ ലഭിക്കുന്നത്. തുലാവര്‍ഷത്തില്‍ 15 മുതല്‍ 20 ശതമാനം വരെയും ലഭിക്കും. വേനല്‍കാലമായി കണക്കാക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴയെന്ന രീതിയില്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെയും ലഭിക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വെള്ളമാകട്ടെ സംഭരിക്കാന്‍ കഴിയുന്നില്ല. ഇവയെല്ലാം തോടുകളിലൂടെയും കൊച്ചരുവികളിലൂടെയും ഒഴുകി കടലിലേക്ക് പോവുകയാണ്. ഇത്തരത്തില്‍ കടുത്ത വരള്‍ച്ചക്കാണ് കേരളം ഓരോ വര്‍ഷവും സാക്ഷിയായികൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഒരു വര്‍ഷം 3000 മി.മീറ്റര്‍ മഴ ലഭിക്കുന്നുണ്ടെന്നാണ് ജലശാസ്ത്രജ്ഞന്‍മാര്‍ കണക്കാക്കിയിട്ടുള്ളത്. ലോക ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തില്‍ ലഭിക്കുന്നതെന്നാണ് യാഥാര്‍ഥ്യം. എന്നിട്ടും നാം കുടിവെള്ളക്ഷാമത്തിന് അടിപ്പെടുന്നതിന് കാരണം വെള്ളത്തിന്റെ മിസ്മാനേജ്‌മെന്റ് ആണെന്ന് വ്യക്തം. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചുപോകാതിരിക്കാന്‍ കാടുകള്‍ വേണം. കാടുകള്‍ നിലനില്‍ക്കണമെങ്കില്‍ അനസ്യൂതമായ മണ്ണെടുപ്പ് നിര്‍ത്തണം. മരങ്ങളുടെ വേരുകള്‍, മണ്ണിനടയില്‍ ജീവിക്കുന്ന ജീവികള്‍ ഉണ്ടാക്കുന്ന മാളങ്ങള്‍ വഴി വെള്ളം മണ്ണിനടയിലേക്ക് ഊര്‍ന്നിറങ്ങുന്നു. ഇത് ഭൂമിക്കടിയിലുള്ള വെള്ളത്തിന്റെ അളവ് നിലനിര്‍ത്തും. ഇതായിരുന്നു ഇതുവരെയുണ്ടായിരുന്ന സ്ഥിതി.
എന്നാല്‍ ഫഌറ്റുകളും മറ്റുനിര്‍മാണ മേഖലകള്‍ക്കുമായി കുന്നുകള്‍ വലിയതോതില്‍ ഇടിച്ചു നിരത്തി. കാടുകള്‍ വെട്ടിവെളുപ്പിച്ചു. ഇതോടെ കേരളത്തില്‍ വനവിസ്തൃതി ഗണ്യമായി കുറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊന്നും ഇതിന്റെ തിരിച്ചടിയുണ്ടാകാതിരുന്നപ്പോള്‍ ഭൂമിയെ ചൂഷണം ചെയ്യുന്നത് നിര്‍ബാധം തുടര്‍ന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതിന്റെ ദുരന്തം നാം തിരിച്ചറിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
ഭൂമി ഇന്ന് നേരിടുന്ന ആഘാതം കുറക്കാന്‍ കാടുകള്‍ സംരക്ഷിക്കണമെന്നതാണ്. 1975നു ശേഷം ഇക്കാര്യത്തില്‍ പുതിയൊരു തിരിച്ചറിവ് വേണമെന്ന ആവശ്യം ശാസ്ത്രലോകം അടിവരയിട്ടിരുന്നു. എന്നാല്‍ വികസനത്തെക്കുറിച്ചു കൂടെകൂടെ പറയുന്നവര്‍ നാം ജീവിക്കുന്ന ലോകത്ത് വനമാണോ വേണ്ടത് അതല്ലെങ്കില്‍ വികസനമാണോ വേണ്ടതെന്ന് ചോദിച്ച് പരിസ്ഥിതി പ്രവര്‍ത്തകരെ പരിഹസിക്കുകയാണ് ചെയ്തത്.
മഴപെയ്ത് വെള്ളം ഒഴുകി പോകുന്നത് തടഞ്ഞ് അവയെല്ലാം മണ്ണിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിക്കേണ്ടതും അനുപേക്ഷണീയമാണ്. വെള്ളം ഒഴുകിപോകുന്നത് തടയാന്‍ വയലുകള്‍, വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കുകയും മഴക്കുഴികള്‍ നിര്‍മിക്കുകയും വേണം. മാത്രമല്ല പുഴകളില്‍ അടിത്തട്ടിലെ വെള്ളം നിലനിര്‍ത്തുന്നത് മണലാണ്. എന്നാല്‍ ഇവയെല്ലാം ഊറ്റിയെടുക്കുന്നതുകാരണം വെള്ളം നിലനില്‍ക്കുന്നില്ല. മണല്‍ കട്ടികൂടുന്നതിനനുസരിച്ച് വെള്ളത്തിന്റെ സംഭരണ ശേഷി കൂടുകയും ചെയ്യും. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരവര്‍ക്കു തോന്നുന്ന രീതിയില്‍ ഭൂമിയെ ചൂഷണം ചെയ്തു. അതിന്റെ ദുരന്തമാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുര്‍ഗതിക്ക് കാരണമെന്ന് പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."