കരിപ്പൂരില്‍ ഇടത്തരം വിമാന സര്‍വിസ് ജൂണില്‍ ആരംഭിക്കാനാകുമെന്ന് സൂചന
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനസര്‍വിസുകള്‍ക്ക് അനുമതി രണ്ടുമാസത്തിനുള്ളില്‍ ലഭിച്ചേക്കുമെന്ന് സൂചന. വരുന്ന ഫെബ്രുവരി - മാര്‍ച്ചിനുളളില്‍ അനുകൂലമായ തീരുമാനം ഡി.ജി.സി.എയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. അനുമതി ലഭിച്ചാലും മൂന്ന് മാസം കഴിഞ്ഞ് ജൂണോടെയാകും സര്‍വിസുകള്‍ ആരംഭിക്കാന്‍ കഴിയുക. നിലവില്‍ സഊദി എയര്‍ലെന്‍സ് ജിദ്ദയിലേക്കും, എമിറേറ്റ്‌സ് ദുബൈയിലേക്കും സര്‍വിസ് നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.
കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡി.ജി.സി.എക്ക് കഴിഞ്ഞ ദിവസം സമഗ്ര റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മലബാറിലെ എം.പിമാര്‍ അടുത്തയാഴ്ച കേന്ദ്രവ്യോമയാന മന്ത്രിയെ കാണും.
കരിപ്പൂരില്‍നിന്ന് ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ-330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസാണ് പുനരാരംഭിക്കുക. റണ്‍വേ നീളം കുറവായതിനാല്‍ വലിയ ജംബോ വിമാന സര്‍വിസ് സാധ്യമല്ലെങ്കിലും 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാല്‍ ആദ്യ ആറ് മാസക്കാലം പകല്‍ മാത്രമായിരിക്കും ഇടത്തരം വിമാനങ്ങളുടെ സര്‍വിസുണ്ടാവുക. പിന്നീടായിരിക്കും രാത്രി സര്‍വിസ് ആരംഭിക്കുക. കരിപ്പൂരില്‍ ഈ മാസം 15 മുതല്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. ആറ് കോടിക്ക് അഞ്ച് രാജ്യാന്തര കമ്പനികളാണ് പ്രവൃത്തികള്‍ കരാര്‍ ഏറ്റെടുത്തത്. ഇവ ജൂണില്‍ പൂര്‍ത്തിയാവും. ഇതോടൊപ്പം തന്നെ വിമാനത്താവളത്തില്‍ 100 കോടി ചെലവില്‍ ഒരുക്കുന്ന പുതിയ ടെര്‍മിനല്‍, നിലവിലെ ടെര്‍മിനലില്‍ രണ്ട് കോടി മുടക്കിയുള്ള നവീകരണ പ്രവൃത്തികള്‍ തുടങ്ങിയവയും മെയ്മാസത്തോടെ പൂര്‍ത്തിയാകും.
ഇടത്തരം വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങളും പൂര്‍ത്തിയായി വരികയാണ്. കരിപ്പൂരില്‍ 2015 മെയ് ഒന്നുമുതലാണ് വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ വിലക്ക് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."