സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിന് ഇന്നു തുടക്കം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ്ബ്യൂറോ യോഗത്തിന് ഇന്നു തുടക്കം. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പു തന്ത്രം പൊളിഞ്ഞതിനാല്‍ യെച്ചൂരിക്കെതിരേ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയരുമെന്നാണ് സൂചന. കേരളഘടകം എതിര്‍ത്തിട്ടും ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിനു ചുക്കാന്‍പിടിച്ചത് യെച്ചൂരിയായിരുന്നു. ബംഗാളില്‍ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങിയതിനാല്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യംപോലും ഉയരാനിടയുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കേരളത്തില്‍ സി.പി.എമ്മിന്റെ വിജയത്തെ ബാധിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് ചേര്‍ന്ന നിര്‍ണായക പി.ബി യോഗത്തില്‍ കേരളാ ഘടകം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെയും ആശങ്കകളെയും മറികടന്നാണ് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യെച്ചൂരി കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് അനുമതി നേടിയെടുത്തത്. കോണ്‍ഗ്രസുമായി ധാരണ മാത്രമാണുണ്ടാക്കുകയെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരുന്നതെങ്കിലും പ്രചാരണത്തിനിടെ കോണ്‍ഗ്രസ്- സി.പി.എം നേതാക്കള്‍ വേദിപങ്കിട്ടിരുന്നു. ഇത് സി.പി.എമ്മിന് തെരഞ്ഞെടുപ്പില്‍ വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകത്തിന്റെ പതനവും കാരാട്ട് പക്ഷത്തിനൊപ്പം നില്‍ക്കുന്ന കേരളാ ഘടകത്തിന്റെ ശക്തിപ്പെടലും യോഗത്തില്‍ പ്രകടമാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."