കാസിയ നിരോധനം നടപ്പിലായില്ല
കോഴിക്കോട്: ആയുര്‍വ്വേദ മരുന്നുകളില്‍ മാരകമായ കാസിയ ചേര്‍ക്കുന്നത് തടയണമെന്ന പരാതിയില്‍ രാജ്യത്ത് പുതിയ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ ആയുഷ് ഉത്തരവിട്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും നടപ്പായില്ല. കേരളത്തില്‍ 786 ആയുര്‍വേദ കമ്പനികള്‍ ഉണ്ടെങ്കിലും ആകെ രണ്ട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് കാസിയക്കെതിരേ പരാതി നല്‍കിയ കണ്ണൂരിലെ ലെനോര്‍ഡ് ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ആയുഷ് ഉത്തരവ് പ്രകാരം പതിനഞ്ച് കമ്പനികള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ വേണ്ടി വരും. അങ്ങിനെയെങ്കില്‍ കേരളത്തില്‍ അമ്പതോളം ഇന്‍സ്‌പെക്ടര്‍മാര്‍ വേണം. എന്നാല്‍ ഉത്തരവ് വന്ന് ഏഴ് മാസമായിട്ടും കേരളത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ആയുര്‍വേദ മരുന്നുകളില്‍ കറവപ്പട്ടക്ക് പകരം കാന്‍സറിന് കാരണമാകുന്ന കാസിയ ചേര്‍ക്കുന്നതായി താന്‍ നല്‍കിയ പരാതികളില്‍ കേരളം ഫലപ്രദമായ നടപടിയൊന്നുമെടുക്കുന്നില്ല. തിരുവനന്തപുരത്ത് മാത്രമാണ് സാമ്പിള്‍ പരിശോധിക്കാനുള്ള ലാബുള്ളത്.നേരത്തെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൂടുതല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാന്‍ ഉത്തരവുണ്ടായത്.ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വ്യാജ പരസ്യങ്ങള്‍ക്കും കേന്ദ്ര ആയുഷ് വകുപ്പ് തടയിടാന്‍ പോകുകയാണെന്ന് ലെനോര്‍ഡ് ജോണ്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."