സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം നാളെ; നറുക്കെടുപ്പ് തിയതി തീരുമാനിക്കും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ നറുക്കെടുപ്പ് തിയതി തീരുമാനിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം നാളെ കരിപ്പൂരില്‍ ചേരും. ഓരോ സംസ്ഥാനങ്ങളും സമയബന്ധിതമായി ഹജ്ജ് നറുക്കെടുപ്പ് നടത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനാകും. ഈ മാസം അവസാനമോ അടുത്തമാസം ആദ്യത്തിലോ നറുക്കെടുപ്പ് നടത്താനാണ് സാധ്യത.
ഹജ്ജ് നയവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധി 30നാണ് വരിക. ഇതിനുശേഷം നറുക്കെടുപ്പ് നടത്തിയാല്‍ മതിയെന്നും ആലോചിക്കുന്നുണ്ട്. ഹജ്ജ് ക്വാട്ടയില്‍ കേരളത്തിന് 10,981 സീറ്റുകളാണ് ലഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറഞ്ഞതും ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിച്ചതുമാണ് കേരളത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ ഇടയാക്കിയത്. ഹജ്ജ് ക്വാട്ടയായി മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ 6,383 സീറ്റും 45 വയസ്സിന് മുകളില്‍ പ്രായമുള്ള മെഹ്‌റമില്ലാതെ അപേക്ഷ നല്‍കിയവര്‍ക്കായി 1,124 സീറ്റും മറ്റ് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറഞ്ഞതിനാല്‍ 3,474 സീറ്റും ഉള്‍പ്പെടെയാണ് 10,981 സീറ്റ് ലഭിച്ചത്. ഈ വര്‍ഷം കേരളത്തില്‍ 69,783 ഹജ്ജ് അപേക്ഷകരാണുള്ളത്.70 വയസ്സിന് മുകളിലുള്ള അപേക്ഷകരായ 1,270 പേര്‍ക്കും മെഹ്‌റമില്ലാതെ അപേക്ഷ നല്‍കിയവരില്‍ 1,124 പേര്‍ക്കും അടക്കം 2,394 പേര്‍ക്ക് നേരിട്ട് അവസരം ലഭിക്കും. ശേഷിക്കുന്ന സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടക്കുക.
ഹജ്ജ് ക്വാട്ടക്ക് ശേഷമുള്ള 58,802 പേരും കാത്തിരിപ്പ് പട്ടികയിലായിരിക്കും ഉള്‍പ്പെടുക. പട്ടികയില്‍ ആദ്യമുള്ള ആയിരംപേര്‍ക്ക് അവസരം ലഭിക്കുന്നതിന് സാധ്യയേറെയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ അവസരം ലഭിച്ചവര്‍ യാത്ര റദ്ദാക്കുന്ന സാഹചര്യമുണ്ടാകും. ഈ സീറ്റുകളില്‍ കാത്തിരിപ്പ് പട്ടികയിലുള്ളവരെയാണ് പരിഗണിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം 11,197 സീറ്റുകള്‍ കേരളത്തിന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."