പഞ്ചാബില്‍ 45 ബൂത്തുകളില്‍ നാളെ റീപോളിങ്
ന്യൂഡല്‍ഹി: പഞ്ചാബിലെ 45 ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് സമ്മതിദായകര്‍ക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കിയ പുതിയ രസീത് സംവിധാനമായ വി.വി.പി.എ.ടി സ്ലിപ്പിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്മിഷന്‍ ഈ ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പു നടത്താന്‍ ഉത്തരവിട്ടത്.
അമരീന്ദര്‍ സീങ് രാജിവച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ അമൃതസര്‍ ലോക്‌സഭാ മണ്ഡലത്തിലെ16ഉം മജിഗയിലെ 12ഉം മുക്തസറിലെ ഒമ്പതും സംഗുരൂരിലെ ആറും മോഗ, സര്‍ദുല്‍ഗഡ് എന്നിവിടങ്ങളിലെ ഓരോന്നും ബൂത്തുകളിലാണ് റീപോളിങ് നടക്കുക.
ശനിയാഴ്ച പഞ്ചാബില്‍ നടന്ന വോട്ടെടുപ്പില്‍73 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തു പലയിടത്തും വോട്ടെടുപ്പ് തടസപ്പെട്ടു. 150 ഓളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതായി തെരഞ്ഞെടുപ്പു കമ്മിഷനു പരാതിലഭിച്ചിരുന്നു. തുടര്‍ന്നാണ് പരാതിയില്‍ കാര്യമുണ്ടെന്നു ബോധ്യമായ ബൂത്തുകളില്‍ റീപോളിങിന് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. രാവിലെ എട്ടു മണിമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പു സമയം.
നോട്ടുനിരോധനം ആയുധമാക്കി
അഖിലേഷ്-രാഹുല്‍ പ്രചാരണം
മീററ്റ്: നോട്ടുനിരോധനം ആയുധമാക്കി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും സംയുക്ത പ്രചാരണം ഉത്തര്‍പ്രദേശില്‍ മുന്നേറുന്നു. കഴിഞ്ഞ ദിവസം മീററ്റിലെ നൗച്ചന്തി ഗ്രൗണ്ടില്‍ സംയുക്ത റാലി നടത്തിയ ഇരുവരും മോദിക്കെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു.
രാജ്യത്തെ 60 ശതമാനം ജനതയുടെ സമ്പത്ത് നരേന്ദ്ര മോദി 50 കുടുംബങ്ങള്‍ക്കു പതിച്ചുനല്‍കിയിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കാനായി ജനങ്ങളെ നീണ്ട ക്യൂവില്‍ നിര്‍ത്തുക മാത്രമാണ് തെറ്റായ നോട്ടുനിരോധന നയത്തിലൂടെ മോദി ചെയ്തതെന്നും രാഹുല്‍ ആക്ഷേപിച്ചു.
ഇത്തരം നയങ്ങളില്‍ സമ്പന്നരോ ഉന്നതരോ ഒന്നും ബുദ്ധിമുട്ടിയില്ലെന്നും എല്ലാം സഹിക്കേണ്ടി വരുന്നത് സാധാരണക്കാരാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ അഖിലേഷ്-രാഹുല്‍ സഖ്യത്തിനെതിരേ 'സ്‌കാം' എന്ന ചുരുക്ക വാക്കിലൂടെ ആക്ഷേപിച്ച മോദിക്കെതിരേയുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് അഖിലേഷ് യാദവ് അഴിച്ചുവിട്ടത്. സാമുദായിക ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തെ അധികാരത്തിലേറ്റണമെന്നും അഖിലേഷ് ആഹ്വാനം ചെയ്തു.
കോഴ പരാമര്‍ശം: തെര. കമ്മിഷന്‍
മനോഹര്‍ പരീക്കറിന് നോട്ടിസ് അയച്ചു
ന്യൂഡല്‍ഹി: ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോഴ പരാമര്‍ശം നടത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. സംഭവത്തില്‍ വ്യാഴാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 29ന് ഗോവയിലെ ചിമ്പേലില്‍ പരീക്കര്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. 2000 രൂപ സ്വീകരിച്ചാണ് നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നത്. ''ചിലര്‍ 500 രൂപയുമായാണ് ചുറ്റിനടക്കുന്നത്. എന്നാല്‍, വോട്ട് താമരക്കു തന്നെയാകണം'' എന്നു തുടങ്ങുന്നതാണു വിവാദ പരാമര്‍ശം.
തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും ആരോപണത്തോട് മനോഹര്‍ പരീക്കര്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. കമ്മിറ്റി പ്രസംഗം പകര്‍ത്തിയെഴുതി വിവര്‍ത്തനം ചെയ്ത ശേഷമാണു വിശദീകരണം തേടുന്നതെന്ന് കമ്മിഷന്‍ നോട്ടിസില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തെ കുറിച്ച് നേരത്തെ ഗോവ തെരഞ്ഞെടുപ്പ് കമ്മിഷനും മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ മനോഹര്‍ പരീക്കറിനോട് വിശദീകരണം തേടിയിരുന്നു.
എസ്.പിക്ക് നല്‍കി വോട്ട് പാഴാക്കരുതെന്ന്
മുസ്‌ലിംകളോട് മായാവതി
കാണ്‍പൂര്‍:സമാജ്‌വാദി പാര്‍ട്ടിക്കു വോട്ട് നല്‍കി സമ്മതിദാനാവകാശം പാഴാക്കരുതെന്ന് ബി.എസ്.പി നേതാവ് മായാവതി യു.പി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. ഫാറൂഖാബാദിലെ കമല്‍ഗഞ്ചില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പുത്രസ്‌നേഹം കൊണ്ട് മുലായം സിങ് സഹോദരന്‍ ശിവ്പാല്‍ യാദവിനെ അപമാനിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവപാല്‍ അദ്ദേഹത്തെ പാഠം പഠിപ്പിക്കും. അഖിലേഷിനെ പിന്തുണക്കുന്ന എസ്.പി സ്ഥാനാര്‍ഥികളെ അദ്ദേഹം തകര്‍ക്കും. അവരുടെ വോട്ടുകള്‍ വിഭജിച്ച് അതിന്റെ നേട്ടം ബി.ജെ.പിക്കായിരിക്കുമെന്നും മായാവതി പറഞ്ഞു.
ഇത്തവണ ബി.എസ്.പി 100 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. അതില്‍ അധികപേരും പടിഞ്ഞാറന്‍ യു.പിയില്‍നിന്നുള്ളവരാണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്മാരകങ്ങളോ മ്യൂസിയങ്ങളോ സ്ഥാപിക്കാനല്ല, ജനങ്ങളുടെ സുരക്ഷയ്ക്കും വികസനത്തിലും സംരക്ഷണത്തിനുമാണു പ്രാമുഖ്യം നല്‍കുക. വ്യാപാരികളുടെ സുരക്ഷയ്ക്കായി പ്രത്യേക കമ്മിഷന്‍ രൂപീകരിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.
ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ദലിത് സമുദായത്തിനും മായാവതി മുന്നറിയിപ്പു നല്‍കി. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ സംവരണം എടുത്തുകളയും. തെറ്റായ നയങ്ങള്‍ കാരണമാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. ഇപ്പോള്‍ പാര്‍ട്ടി മൂല്യങ്ങളും ഉപേക്ഷിച്ച് അവര്‍ എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."