ടെറസില്‍ വിളയുന്നത് നൂറുമേനി: തളരാന്‍ മനസില്ലാതെ സമീര്‍
പരപ്പനങ്ങാടി: കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 'മാനവ ഐക്യത്തിന് വിഷരഹിതഭക്ഷണം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സ്വന്തം വീടിന്റെ ടെറസില്‍ കൃഷിത്തോട്ടം ഒരുക്കി പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി സമീര്‍ മുക്കത്ത് നാട്ടുകാര്‍ക്ക് മാതൃകയാകുന്നു.
തികച്ചും ജൈവരീതിയില്‍ സജ്ജീകരിച്ച ഗ്രോബാഗിലാണ് സമീറിന്റെ കൃഷി. ചീര, മുളക്, തക്കാളി, വെണ്ട ,വഴുതന തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും ഇവിടെ വളരുന്നത്. ചീരയും വെണ്ടയും വിളവെടുപ്പ് തുടങ്ങി. അടുത്ത ദിവസങ്ങളില്‍ തക്കാളിയും മുളകും വിളവെടുപ്പിന് പാകമാകും.
കാര്‍ഷിക അവാര്‍ഡ് ജേതാവ് റസാഖ് മുല്ലപ്പാട്ടും കൃഷി ഓഫീസര്‍ രത്‌നാകരനുമാണ് പ്രോത്സാഹനവും നിര്‍ദേശങ്ങളുമായി സമീറിന് വഴികാട്ടുന്നത്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നെങ്കിലും സമീറിനെ മനസ്സ് തളര്‍ന്നിരിക്കാന്‍ അനുവദിച്ചില്ല. പാലത്തിങ്ങല്‍ കേന്ദ്രീകരിച്ച് നിലവില്‍ വന്ന 'മീഡിയ 'ലൈബ്രറിയുടെ കാവല്‍ക്കാരനായി 17 വര്‍ഷം പൂര്‍ത്തിയായി.
ഇതിന് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കേരളത്തിലെ സംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും ഉള്‍പ്പെടുത്തി സമീര്‍ രൂപംകൊടുത്ത 'മീഡിയ ലൈബ്രറി വായനക്കൂട്ടം' വാട്ട്‌സ് ആപ്പ് കൂട്ടായ്മ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വന്‍ പേനശേഖരം, വിവിധരാജ്യങ്ങളുടെ കറന്‍സികള്‍, സ്റ്റാമ്പുകള്‍ തുടങ്ങിയവക്കൊപ്പം പതിനായിരത്തിലധികം വിലവരുന്ന ബോണ്‍സായി ശേഖരവും സമീറിന് സ്വന്തമായിട്ടുണ്ട്.
ജിദ്ദ വെല്‍ഫയര്‍ അവാര്‍ഡ്, കെ എം സി സി അവാര്‍ഡ്, കെ വി എസ് എസ് പ്രതിഭാ പുരസ്‌കാരം, പൂന്താനം ദിനാഘോഷം പ്രത്യേക പുരസ്‌കാരം തുടങ്ങി മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പി വി സറീനയാണ് ഭാര്യ. ഷാദില്‍, ഹാമിഷ്‌സുഹ്‌രി എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."