കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍: കിഴക്കേ കവാടത്തില്‍ പാര്‍ക്കിങ് കേന്ദ്രത്തിനു ടെന്‍ഡര്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ കിഴക്കേ കവാടത്തില്‍ പാര്‍ക്കിങിനും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളില്‍ വാക്ക്വം ഡീ വാട്ടേട് കോണ്‍ക്രീറ്റ് ഫ്‌ളോറിങിനും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി. 27ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് സ്റ്റേഷനില്‍ നടക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തി വിലയിരുത്താനായി അദ്ദേഹം എത്തിയത്. പ്രധാന കവാടത്തിലെ പുതുക്കിപ്പണിയുന്ന കെട്ടിടങ്ങളും ഒന്നാം പ്ലാറ്റ്‌ഫോമിലെ അടിപ്പാതയുടെ പ്രവൃത്തിയും അദ്ദേഹം പരിശോധിച്ചു. കെട്ടിടം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്ക് അഞ്ചു കോടിയും അടിപ്പാതയ്ക്കു 1.45 കോടി രൂപയുമാണു ചെലവു പ്രതീക്ഷിക്കുന്നത്. പ്രവൃത്തിക്കു ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും ഇതു പരിഹരിക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കിഴക്കേ കവാടത്തില്‍ 2000 ചതുരശ്ര മീറ്റര്‍ പാര്‍ക്കിങ് ഏരിയയാണ് ഒരുക്കുക. ഇതില്‍ ഒരേസമയം 300 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഇതോടൊപ്പം രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ 320 മീറ്റര്‍ ദൂരത്തില്‍ വാക്ക്വം ഡീ വാട്ടേട് കോണ്‍ക്രീറ്റ് ഫ്‌ളോറിങും നടത്തും. കാഞ്ഞങ്ങാട്, കാസര്‍കോട് സ്‌റ്റേഷനിലും പദ്ധതി നടപ്പാക്കും. ഇതിനായി 2.5 കോടിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷന്‍ ശുചീകരണ പ്രവര്‍ത്തി വേഗത്തിലായിട്ടുണ്ട്.
എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലിക അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു നിര്‍ത്തിവച്ചത്. ചെന്നൈയില്‍ നിന്നുള്ള സംഘം ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും. അതേസമയം സ്റ്റേഷനില്‍ ജല ലഭ്യത പ്രധാന പ്രശ്‌നമാകുന്നുണ്ട്. റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ ഒരുദിവസം 6.5 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ വേനല്‍ കടുത്തതും കിണറുകളുടെ എണ്ണം കുറഞ്ഞതും കാരണം നാലുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഇതു ദൈനംദിന പ്രവൃത്തിയെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ റെയില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഫണ്ട് ഉപയോഗിച്ച് രണ്ടു കിണറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതു പൂര്‍ത്തിയാക്കിയാലേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടൂ.
സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കെ.പി ദാമോദരന്‍, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനിയര്‍ രാജഗോപാല്‍, സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജി സൂര്യനാരായണ, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ടി.വി സുരേഷ് കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."