HOME
DETAILS

കേരള ബാങ്ക് എന്ന പുതിയ ആശയത്തിന് തുടക്കം കുറിക്കും: മന്ത്രി എ.സി മൊയ്തീന്‍

  
backup
May 28 2016 | 22:05 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%86%e0%b4%b6

കുന്നംകുളം: ആധുനിക ബാങ്കിങ് രംഗത്തെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് സഹകരണ ബാങ്കുകളെ പുതുതലമുറ ശ്രേണിയിലേക്ക് ഉയര്‍ത്തുമെന്നും  കേരള ബാങ്ക്  എന്ന പുതിയ ആശയത്തിന് തുടക്കം കുറിക്കുമെന്നും സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. കുന്നംകുളത്ത് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ വലുതാണ് സഹകരണ ബാങ്കുകളുടെ സമ്പത്ത്. എന്നാല്‍ കേട്ടാല്‍ ഞെട്ടി തരിക്കുന്ന അഴിമതികളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് ഈ പ്രസ്ഥാനം. ചോര്‍ച്ചകള്‍ തടഞ്ഞ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് പ്രയോജനപെടുത്തും വിധം സഹകരണ മേഖലയെ വാര്‍ത്തെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാകടം 326 കോടിയാണ്.
 കണ്‍സ്യൂമര്‍ ഫെഡിന്റെ സ്ഥിതിയും വിഭിന്നമല്ല. താളം തെറ്റികിടക്കുന്ന ഫെഡിനെ നേര്‍വഴിയിലേക്കെത്തിക്കുന്നതിനായും തല്‍സ്ഥിതി വിലയിരുത്തുന്നതിനായും അടിയന്തിര യോഗം ചേരുന്നുണ്ട്.
കാര്‍ഷിക രംഗത്ത് വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. പച്ചക്കറിയില്‍ സ്വയം പര്യപ്തത നേടുന്നതിനുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. ഇതിനായി ഇ ബിസിനസ് രീതിയില്‍ കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ സംഭരിച്ച് അവ സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായുള്ള പദ്ധതിയാണ് രൂപപെടുത്തുന്നത്. കാര്‍ഷികരംഗത്ത് ആധുനികവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ നിരോധിച്ചത് ടൂറിസത്തെ ബാധിച്ചു എന്ന പറയുന്നത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മാത്രമാണ്. കെ.ടി.ഡി.സിക്ക് ഈ അഭിപ്രായമില്ല.
എന്നാല്‍ കഴിഞ്ഞ സീസണില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ക്രമാതീതമായി കുറവുണ്ട്. കേരളത്തില്‍ ഏറെ ജോലിസാധ്യതയുള്ള മേഖല കൂടിയാണ് ടൂറിസമെന്നതിനാല്‍ ഇത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. കേരളമാകെ ടൂറിസം വില്ലേജായി കണക്കാക്കി കേരളത്തിലേക്ക് വരാത്ത ചൈന ഉള്‍പെടേയുള്ള രാജ്യങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്.
അതിനായി ആഭ്യന്തര ടൂറിസത്തില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിക്കണം. അതേ സമയം ജലാശയങ്ങളിലേതുള്‍പെടേയുള്ള മാലിന്യ സംസ്‌ക്കരണത്തിനും സൂക്ഷ്മമായ ഊന്നല്‍ കൊടുക്കുമെന്നും ഇതിനായി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ആലോചനയുണ്ട്.
വികസനമെന്നാല്‍ താഴെ തട്ടിലുമെത്തണമെന്നാണ് അജണ്ട. താഴെ തട്ടില്‍ നില്‍ക്കുന്നവര്‍ക്കും ജീവിതാഭിവൃദ്ധിയും സാമ്പത്തിക ശേഷിയും കൈവരണം. അതിനായി യത്‌നിക്കുമെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം മുന്നോട്ടു വെച്ച നിര്‍ദ്ധേശങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നതിനാല്‍ ആ നിര്‍ദ്ധേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍
ശ്രമം നടത്തുമെന്നും ശേഷി കുറഞ്ഞാലും അഴിമതിക്കാരനെന്ന പേരുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുന്നംകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഉമ്മര്‍ കരിക്കാട് അധ്യക്ഷനായിരുന്നു.
 പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ജോസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് ഡെന്നി പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ആലത്തൂര്‍ എം.പി പി.കെ ബിജു, എം.എല്‍.എ ബാബു.എം.പാലിശ്ശേരി, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ വാസു എന്നിവരും പരിപാടിയില്‍ സംബന്ധിച്ചുComments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."