ഫൈസല്‍ വധം; അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ മഠത്തില്‍ നാരായണനടക്കം കേസിലെ 14 പ്രധാന പ്രതികളും അറസ്റ്റിലായതോടെ പൊലിസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഗൂഡാലോചനയില്‍ പങ്കെടുത്തവരെയും പ്രതികള്‍ക്ക് സംരക്ഷണവും സഹായവും നല്‍കിയവരെയുമാണ് പൊലിസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധഭാഗങ്ങളില്‍ നിന്നായി ഇതിനകം നൂറോളംപേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. പലരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രമായി അന്‍പതോളം പേരെയാണ് പൊലിസ് മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തത്. തിങ്കളാഴ്ച പ്രതികളുടെ വീട്ടുകാരെയും ബന്ധുക്കളെയും മലപ്പുറത്ത് ചോദ്യം ചെയ്തിരുന്നു.
മുഖ്യ പ്രതികളിലൊരാളായ ബിബിന്‍(26) ഒളിച്ചു താമസിച്ച മൈസൂരിലെ ഫര്‍ഗൂരിലെ മലയാളികളടക്കമുള്ളവര്‍, ഗൂഡാലോചനാ കേസില്‍ അറസ്റ്റിലായ കോട്ടാശ്ശേരി ജയകുമാറുമായി ഫോണില്‍ ബന്ധപ്പെട്ട പേരാമ്പ്ര, നരിക്കുനി, നെന്മാറ, പാലക്കാട് സ്വദേശികള്‍, കൂടാതെ കൊടിഞ്ഞി പയ്യോളി, തിരൂര്‍, താനൂര്‍ പ്രദേശങ്ങളിലെ ഏതാനും ആളുകള്‍ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. നാരായണന് മൊബൈല്‍ഫോണില്‍ സംസാരിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തവരെയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ചെരുപ്പ്‌പോലും ധരിക്കാത്ത നാരായണന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലത്രേ. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത ഇയാള്‍ വര്‍ഷങ്ങളായി തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് സേവാമന്ദിറിലാണ് കഴിയുന്നത്. നാരായണന് സന്ദേശങ്ങള്‍ കൈമാറാന്‍ ഫോണ്‍ നല്‍കിയവരാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
നാരായണന്‍ തങ്ങിയ ഗുരുവായൂര്‍, പഴനി, മധുര എന്നിവിടങ്ങളിലും പൊലിസ് അന്വേഷണം നടത്തും. ഇവിടങ്ങളിലെ ക്ഷേത്രങ്ങളിലാണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലിസിന് ലഭിച്ച വിവരം. കൊലപാതകം കഴിഞ്ഞു രണ്ടുദിവസത്തോളം നാട്ടില്‍ തങ്ങിയെങ്കിലും കേസില്‍ തന്റെ പേര് പറഞ്ഞുകേട്ടതോടെ മുങ്ങുകയായിരുന്നുവത്രെ. അതേസമയം ജയകുമാറിന്റെ വീട്ടില്‍ പൊലിസ് ഇന്നലെ പരിശോധന നടത്തി. കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ ജയകുമാറിനെ ഇന്ന് കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.
ഗൂഡാലോചനാ കേസിലെ മറ്റൊരുപ്രതി വിമുക്തഭടന്‍ പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശിന്റെ വീട്ടില്‍ ഇന്നലെയും പൊലിസ് റെയ്ഡിനെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്നതിനാല്‍ മടങ്ങേണ്ടി വന്നു. ഇത് രണ്ടാം തവണയാണ് ഇയാളുടെ വീട് പരിശോധിക്കാനാവാതെ അന്വേഷണ സംഘം മടങ്ങുന്നത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സി.കെ ബാബു, പെരിന്തല്‍മണ്ണ ഡി.വൈ.എസ് പി.എം.പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. മഞ്ചേരി സി.ഐ കെ.എം ബിജു, താനൂര്‍ സി.ഐ സി. അലവി, വണ്ടൂര്‍ എസ്.ഐ ചന്ദ്രന്‍, എ.എസ്.ഐ മാരായ സജീവ്, രേഖാചിത്ര വിദഗ്ധന്‍ സന്തോഷ് പൂതേരി, സി.പി.ഒ ഷിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."