വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അമ്മ ഒറ്റക്കെന്ന നിഗമനത്തില്‍ പൊലിസ്
കുണ്ടറ: കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം ആസൂത്രിതമല്ലെന്നും കൃത്യം നടത്തിയത് അമ്മ ഒറ്റയ്ക്കാണെന്നും പൊലിസ് വിലയിരുത്തല്‍. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവര്‍ രണ്ടു ദിവസം പരിശോധിച്ചെന്നും പൊലിസ് വ്യക്തമാക്കുന്നു.
അതേസമയം, വസ്തുത്തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.
രണ്ടു ദിവസം മുന്‍പാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുരീപ്പള്ളിയില്‍ നെടുമ്പന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജോബിന്റെ മകന്‍ ജിത്തു ജോബി(14)നെ കാണാതാവുന്നത്. കഴിഞ്ഞ ദിവസം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിനു സമീപത്തെ പറമ്പില്‍ നിന്ന് കണ്ടെടുത്തു. മൃതദേഹത്തിന്റെ ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലും മറ്റേകാല്‍ വെട്ടേറ്റുതൂങ്ങിയ നിലയിലുമായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മാതാവ് ജയമോളെ ചാത്തന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
സ്‌കെയില്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ല എന്നാണ് മാതാവ് പൊലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്ന് കാട്ടി പത്രങ്ങളിലും പരസ്യം നല്‍കി.
കൊട്ടിയം പൊലിസ് ഇന്‍സ്‌പെക്ടര്‍ അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എറണാകുളം വരെ അന്വേഷണസംഘം കുട്ടിക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം വീടിനുസമീപത്തുനിന്ന് ലഭിച്ചത്. തുടര്‍ന്ന് മാതാവിനെ ചോദ്യം ചെയ്യുന്നതിനിടെ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മകനെ കൊന്ന് കൈകാലുകള്‍ വെട്ടിമാറ്റി തീകൊളുത്തുകയായിരുന്നുവെന്ന് മാതാവ് കുറ്റസമ്മതം നടത്തിയതായാണ് പൊലിസ് നല്‍കിയ വിവരം. തറവാട് വീടിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്ക് സമീപമാണ് മൃതദേഹം കിടന്നത്. വീടിനു പിന്നിലെ നടവഴിയില്‍ നിന്ന് ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. കുണ്ടറ എം.ജി.ഡി ബോയ്‌സ് എച്ച്.എസ് വിദ്യാര്‍ഥിയാണ്. സഹോദരി: ടീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."