ബഹ്‌റൈനില്‍ അപകടകരമായ കളിപ്പാട്ടങ്ങള്‍ക്കെതിരേ മുന്നറിയിപ്പ്
മനാമ: ബഹ്‌റൈനില്‍ അപകടകരമായ കളിപ്പാട്ടങ്ങള്‍ക്കെതിരേ അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള 11,055 കളിപ്പാട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തതായി ബഹ്‌റൈന്‍ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികള്‍ക്കു ദോഷകരമാകുന്ന കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കരുതെന്നും അവ ശ്രദ്ധയില്‍പെട്ടാല്‍ പിടിച്ചെടുക്കുമെന്നും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് പരിശോധനകള്‍ ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 50ഓളം കച്ചവടസ്ഥാപനങ്ങളില്‍നിന്നാണ് 11,055 കളിപ്പാട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തത്.
ഇത്തരം അപകടകരമായ കളിപ്പാട്ടങ്ങളോ അതിന്റെ ഭാഗങ്ങളോ അബദ്ധത്തില്‍ കുട്ടികളുടെ അകത്തായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നും അധികൃതരുടെ മുന്നറിയിപ്പിലുണ്ട്.
അതേസമയം മൊത്തക്കച്ചവടക്കാരില്‍നിന്നാണ് ഇത്തരം കളിപ്പാട്ടങ്ങള്‍ കൂടുതലും കണ്ടെടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചോ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചോ തങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.കുട്ടികള്‍ക്ക് അപകടകരമായ കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തുന്നതിന് വിലക്കുള്ളതായി മന്ത്രാലയത്തിലെ സ്റ്റാന്‍ഡേഡ് ആന്‍ഡ് മെട്രോളജി വകുപ്പ് ഡയറക്ടര്‍ മുന അല്‍അലവി അറിയിച്ചിരുന്നു. മിക്ക കടയുടമകളും കളിപ്പാട്ടങ്ങള്‍ക്ക് ജി.സി.സി രാഷ്ട്രങ്ങള്‍ നിര്‍ണയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവര്‍ക്കത് വില്‍പന നടത്താന്‍ അനുവാദം നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."