തളിപ്പറമ്പില്‍ വീണ്ടും മോഷണ പരമ്പര
തളിപ്പറമ്പ്: തളിപ്പറമ്പില്‍ രണ്ടിടങ്ങളിലായി മോഷണം. ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലും മന്നയിലെ ഓട്ടോ കണ്‍സല്‍ട്ടന്‍സി ഓഫിസിലുമാണ് കവര്‍ച്ച നടന്നത്. തളിപ്പറമ്പ് മന്ന ചിന്മയ റോഡില്‍ വെള്ളാരംപാറ സ്വദേശി അയൂബിന്റെ ഉടമസ്ഥതയിലുള്ള സയ്യാര ഓട്ടോ കണ്‍സല്‍ട്ടന്‍സി ആന്റ് റിയല്‍ എസ്റ്റേറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും 1,10,000 രൂപ കവര്‍ന്നു. മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്.
കഴിഞ്ഞ ദിവസം ചിട്ടി വിളിച്ചു കിട്ടിയ പണം മറ്റൊരാള്‍ക്ക് നല്കേണ്ടതിനാല് ഓഫിസില്‍ സൂക്ഷിച്ചതാണത്രേ. ഇന്നലെ രാത്രി എട്ടോടെയാണ് ഓഫിസ് അടച്ചത്.
പണം ഇവിടെ സൂക്ഷിച്ചതായി അറിയുന്ന ആരോ ആണ് മോഷണത്തിനു പിന്നിലെന്ന് കരുതുന്നു. അയൂബിന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു.
ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്നു. മകരവിളക്ക് കഴിഞ്ഞ ഉടന്‍ ഭണ്ഡാരം തുറന്നതാനാല് കാര്യമായ തുകയൊന്നും ഉണ്ടാവാനിടയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. രാവിലെ പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് വാതില്‍ തകര്‍ത്തതായി കണ്ടത്. തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുമ്പും നിരവധി തവണ ഇവിടെ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."