മുഖ്യമന്ത്രി അറിയാന്‍..... ഇവിടെ ഒരു കുടുംബം തെരുവിലാണ്
വയനാട് കലക്ടറേറ്റിനു മുന്നില്‍ ടാര്‍പായ കെട്ടി ഒരു കുടുംബം സമരമിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 890 ദിവസം തികയുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2015 ഓഗസ്റ്റ് 15ന് ആരംഭിച്ചതാണ് കട്ടക്കയം ജയിംസും കുടുംബവും ഈ സമരം. ദിനേനെ ഇതിലെ യാത്ര ചെയ്യുന്ന അധികാരികള്‍ ഇത്ര നാളായിട്ടും ഈ സമരത്തെയോ കുടുംബത്തെയോ കണ്ട മട്ടില്ല. നാലു പതിറ്റാണ്ടായി ഒരു കുടുംബം നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ ബാക്കിപത്രമാണു ജീവിതത്തിലെ നല്ലൊരു ഭാഗവും സമരപ്പന്തലില്‍ വിധിയെ പഴിച്ചു കഴിയേണ്ടി വരുന്ന ജയിംസ്.
സമരത്തിന്റെ ചരിത്രം
സമരം ഒത്തുതീര്‍ക്കുന്നതിനു മുഖ്യന്ത്രിയുടെ സാന്നിധ്യത്തിലടക്കം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി വനത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയുമില്ല. പകരം ഭൂമിയും വീടും സര്‍ക്കാര്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിക്കാന്‍ കാഞ്ഞിരത്തിനാല്‍ കുടുംബം തയാറായതുമില്ല. ഇതേതതുടര്‍ന്ന് ജില്ലാ കലക്ടറോട് വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി
1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്ന് ജയിംസിന്റെ ഭാര്യാപിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജും സഹോദരന്‍ ജോസും വിലയ്ക്കുവാങ്ങിയതാണ് കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കര്‍ ഭൂമി. ആറ് ഏക്കര്‍ വീതമായിരുന്നു ഇരുവരുടെയും കൈയിലുണ്ടായിരുന്നത്. പിന്നീട് ജോസ് തിരികെ നാട്ടിലേക്കു തന്നെ പോയപ്പോള്‍ ജോര്‍ജിന് ആ ആറ് ഏക്കര്‍ കൂടി നല്‍കി. നല്ല രീതിയില്‍ കൃഷിയും കാര്യങ്ങളുമായി തന്റെ ഭൂമിയില്‍ പൊന്നു വിളയിച്ച് ജോര്‍ജും കുടുംബവും ജീവിക്കുന്നതിനിടെയാണു വനംവകുപ്പ് വില്ലനായി കടന്നുവരുന്നത്.
1976ല്‍ ഇവരുടെ സ്ഥലം വനഭൂമിയാണെന്നു വരുത്തിത്തീര്‍ത്ത് വനംവകുപ്പ് സ്ഥലം കൈവശപ്പെടുത്തി. ഇതിനു പിന്നാലെ തുടങ്ങിയതാണ് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പോരാട്ടം. കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ ആരംഭിച്ച നിയമയുദ്ധം ഇപ്പോള്‍ ഹൈക്കോടതിയും കടന്ന് സുപ്രിംകോടതിയിലെത്തി നില്‍ക്കുകയാണ്. അതിനിടെ പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും ഈ ലോകം വിട്ടു. അത്ര കാലം അപ്പച്ഛനു കൂട്ടായി നിന്നിരുന്ന ജയിംസ് അതോടെ സമരരംഗത്തേക്കിറങ്ങി.
ഭൂമിയുടെ കഥയിങ്ങനെ
കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വേ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി. 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്ന് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ 2717 നമ്പര്‍ ജന്മം തീറാധാരപ്രകാരം വിലയ്ക്കുവാങ്ങിയതാണ് ഈ മണ്ണ്. ഇതില്‍ 10 ഏക്കര്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ റീ സര്‍വേ 238/1ല്‍ വിജ്ഞാപനം ചെയ്ത 15.41 ഏക്കറിന്റെ ഭാഗമാണെന്ന് 1982 ഡിസംബര്‍ ഒന്നിന് കസ്റ്റോഡിയന്‍ ആന്‍ഡ് കണ്‍സര്‍വേറ്റര്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്(കോഴിക്കോട്) മാനന്തവാടി താലൂക്ക് ഓഫിസില്‍ അറിയിക്കുകയുണ്ടായി. വിജ്ഞാപനത്തിന്റെ പകര്‍പ്പും ഹാജരാക്കി. ഇതേത്തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു ഭൂനികുതി സ്വീകരിക്കുന്നതു നിര്‍ത്തിവച്ചു.
വനം വകുപ്പിന്റെ നടപടിക്കെതിരേ കൈവശക്കാര്‍ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ 75 സെന്റ് സ്ഥലം വിട്ടുകൊടുക്കാനാണ് ഉത്തരവായത്. ഇതിനെതിരേ കാഞ്ഞിരത്തിനാല്‍ സഹോദരന്മാര്‍ സമര്‍പ്പിച്ച അപ്പീലില്‍(എം.എഫ്.എ 492/850) ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഭൂമിയില്‍ അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 2005 തുടക്കത്തില്‍ ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും വയനാട് കലക്ടറേറ്റ് പടിക്കല്‍ ദിവസങ്ങളോളം സത്യഗ്രഹം നടത്തിയിരുന്നു. അക്കൊല്ലം മാര്‍ച്ചില്‍ അന്നത്തെ മേപ്പയ്യൂര്‍ എം.എല്‍.എ മത്തായി ചാക്കോ ഭൂമിപ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു. മത്തായി ചാക്കോ പരാമര്‍ശിച്ച ഭൂമി നിക്ഷിപ്ത വനമായി സംരക്ഷിക്കുന്നതാണെന്നാണു വനം മന്ത്രി ബിനോയ് വിശ്വം സഭയില്‍ അറിയിച്ചത്. തുടര്‍ന്ന് കര്‍ഷകസംഘം വയനാട് ഘടകം പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ നിര്‍ദേശിച്ചതനുസരിച്ചു നടന്ന സംയുക്ത പരിശോധനയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്നു കണ്ടെത്തി.
സ്ഥലം വിട്ടുകൊടുക്കാനും ഭൂനികുതി സ്വീകരിക്കാനും 2006 ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതനുസരിച്ച് 2007 നവംബര്‍ 24ന് ജോര്‍ജ് കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസില്‍ ഭൂനികുതി അടച്ചു. എങ്കിലും അദ്ദേഹത്തിനു ഭൂമിയില്‍ കൃഷിയിറക്കാനായില്ല. മരങ്ങള്‍ വെട്ടിനീക്കി മണ്ണൊരുക്കുന്നതിന് ജോര്‍ജ് നല്‍കിയ അപേക്ഷ വനം വകുപ്പ് നിരസിച്ചു. ഇതിനു പിന്നാലെ സ്ഥലം 1985ലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍ വിധി പ്രകാരം വനഭൂമിയാണെന്നും ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും കാണിച്ചു സംസ്ഥാന വനം സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് കത്തു നല്‍കി. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെതിരേ തൃശൂര്‍ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍നിന്ന് സ്റ്റേയും സമ്പാദിച്ചു. സ്റ്റേ നീക്കിക്കിട്ടുന്നതിനു നല്‍കിയ ഹരജിയില്‍ തീര്‍പ്പാകുന്നതിനു മുന്‍പ് 2009 നവംബര്‍ രണ്ടിന് ഏലിക്കുട്ടിയും 2012 ഡിസംബര്‍ 13ന് ജോര്‍ജും ഈ ലോകത്തോട് വിടപറഞ്ഞു. അവകാശത്തര്‍ക്കം നിലനില്‍ക്കേ 2013 ഒക്ടോബര്‍ 22ന് വനംവകുപ്പ് ഭൂമി വീണ്ടും വിജ്ഞാപനം ചെയ്തു ജണ്ടകെട്ടി തിരിച്ചു. ഇതോടെ പൊതുസമൂഹം വിഷയമേറ്റെടുത്തു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി മുഖ്യമന്ത്രി വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് അട്ടിമറിച്ചു. സമരം ഒത്തുതീര്‍ക്കുന്നതിനു മുഖ്യന്ത്രിയുടെ സാന്നിധ്യത്തിലടക്കം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി വനത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയുമില്ല. പകരം ഭൂമിയും വീടും സര്‍ക്കാര്‍ പ്രതിനിധികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും സ്വീകരിക്കാന്‍ കാഞ്ഞിരത്തിനാല്‍ കുടുംബം തയാറായതുമില്ല. ഇതേതതുടര്‍ന്ന് ജില്ലാ കലക്ടറോട് വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കലക്ടര്‍ രേഖകള്‍ പരിശോധിച്ച് കുടുംബത്തിന് അനുകൂലമാണ് കാര്യങ്ങള്‍ എന്നു മനസിലാക്കിയ കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. ഈ യോഗത്തില്‍ അഭിഭാഷക കമ്മിഷനെയോ, അമിക്കസ്‌ക്യൂറിയെയോ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തണമെന്ന് കാണിച്ച് 2016 ഫെബ്രുവരി 20ന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചു. എന്നാല്‍ തുടര്‍ന്നുവന്ന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ച് കോടതിയില്‍ ഏകീകരിച്ച അഭിപ്രായം സ്വരൂപിക്കാനെന്നു പറഞ്ഞ് ഒരു കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റിയുടെ തീരുമാന പ്രകാരം അതില്‍ അംഗമായ സബ് കലക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 നവംബര്‍ 11ന് റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് നവംബര്‍ 17ന് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഡിസംബര്‍ ഏഴിലെ കേസില്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. മുന്‍നിലപാട് തുടരുകയും ചെയ്തു. ഇതോടെയാണ് കേസ് തള്ളിയത്. തുടര്‍ന്ന് ജയിംസും കുടുംബവും ക്രിസ്മസ് തലേന്നു രാത്രി ചില അനിഷ്ടസംഭവങ്ങള്‍ക്ക് മുതിര്‍ന്നു. ഇതോടെ കേസില്‍ ജയിംസിന് സഹായം ചെയ്തിരുന്നവര്‍ ഒന്നിച്ചു സമരസഹായ സമിതിക്കു രൂപംനല്‍കി. ഇപ്പോള്‍ ഇവരാണ് കേസ് നടത്തുന്നത്.
കേസിന്റെ നാള്‍വഴികള്‍
1978 നവംബര്‍ ആറിന് ഇതു വനമല്ലെന്നും കുടുംബത്തിനു വിട്ടുനല്‍കണമെന്നും ഫോറസ്റ്റ് ട്രൈബ്യൂണല്‍ വിധി വന്നു. എന്നാല്‍ പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകളും വനംവകുപ്പും ഈ കുടുംബത്തെ നിരന്തരം വേട്ടയാടുകയായിരുന്നു. 1978ലെ വിധിക്കെതിരേ വനംവകുപ്പ് 1982ല്‍ കോടതിയെ സമീപിച്ചു. 1982ല്‍ കോടതി ട്രൈബ്യൂണലിനോട് വിഷയത്തില്‍ വിശദമായ വാദംകേള്‍ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 1985ല്‍ കുടുംബത്തിനെതിരേ വിധി വന്നു. ഇതിനെതിരേ കുടുംബം അപ്പീലുമായി പോയില്ല. എന്നാല്‍ മറ്റൊരാളെ ആരോ അപ്പീലിനായി കോടതിക്കു മുന്നിലെത്തിച്ചു. ഇതേതുടര്‍ന്ന് 1991ല്‍ മറ്റൊരു വിധി വന്നു. പിന്നീട് കാഞ്ഞിരത്തിനാല്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കുടുംബത്തിന് അനുകൂലമായി വിധിവന്നു. പിന്നീട് 2006ലെ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. 12 ഏക്കര്‍ ഭൂമിയും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വിട്ടുകൊടുത്ത് 2007 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നു സംയുക്ത പരിശോധനയില്‍ ബോധ്യമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നികുതി അടച്ചെങ്കിലും ഭൂമിയില്‍ താമസമാക്കാനും കൃഷി ഇറക്കാനും കഴിഞ്ഞില്ല.
തൃശൂരിലെ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ' നല്‍കിയ ഹരജിയില്‍ ഭൂമിയിലെ വനേതര പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞതാണ് ഇതിനു കാരണമായത്. അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2012 ഡിസംബര്‍ 13നു പുറപ്പെടുവിച്ച വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് എതിരായിരുന്നു. റിവ്യൂ ഹരജിയില്‍ 2012 ഡിസംബര്‍ 13ലെ വിധി ഹൈക്കോടതി റദ്ദാക്കിയെങ്കിലും സമഗ്രമായ പരിശോധനയ്ക്ക് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട കേസ് നീണ്ടുപോയി. അവസാനം കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി കേസ് തള്ളി. കാഞ്ഞിരത്തിനാല്‍ കുടുംബം ഹാജരാക്കിയ ഒരു രേഖപോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇവരുടെ വക്കീലിനു കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ കേസ് പരാജയപ്പെടുകയും കുടുംബം സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ പ്രതികള്‍
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി വനമായി വിജ്ഞാപനം ചെയ്തതും പിടിച്ചെടുത്തതും നിയമവിരുദ്ധമായാണെന്ന് 2009ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ബ്യൂറോ കോഴിക്കോട് നോര്‍ത്തേണ്‍ റെയ്ഞ്ച് സൂപ്രണ്ട് ടി. ശ്രീശുകനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം മുങ്ങി. വെളിച്ചം കണ്ടപ്പോള്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായതുമില്ല.
സബ് കലക്ടര്‍ ശീറാം സാംബശിവ റാവു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരാണു കുറ്റക്കാര്‍ എന്നു പറയുന്നുണ്ട്. തികച്ചും മനുഷ്യാവകാശ ലംഘനമാണ് സര്‍ക്കാരുകള്‍ നടത്തിയതെന്നും ഇവര്‍ക്കെതിരേ സമര്‍പ്പിക്കാന്‍ ഒരു രേഖകളുമില്ലെന്നും മുഴുവന്‍ രേഖകളും കുടുംബത്തിന് അനുകൂലമാണെന്നുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ കുടുംബത്തിനു പ്രതികൂലമായി ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാരിന്റെ കൈയില്‍ ഇല്ലെന്നതാണു വസ്തുത.
രാഷ്ട്രീയ മുതലെടുപ്പ്
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ജില്ലയില്‍ ഈ വിഷയമായിരുന്നു ചര്‍ച്ച. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ മുന്നണികളും തങ്ങളുടെ പ്രശ്‌നമായി ഉയര്‍ത്തി കാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുപക്ഷത്തിന്റെ രണ്ട് എം.എല്‍.എമാരും വിജയം ആഘോഷിച്ചു സമര പന്തലില്‍ എത്തി തങ്ങള്‍ ആദ്യം പരിഹരിക്കുന്ന വിഷയം ഇതായിരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
ലീഗല്‍ സര്‍വീസ് സൊസൈറ്റി ഇടപെടുന്നു
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിപ്രശ്‌നത്തില്‍ സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ഇടപെട്ടിരുന്നു. അതോറിറ്റി ചെയര്‍മാനായ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചതിനുസരിച്ച് ജില്ലാ ലീഗല്‍ സര്‍വിസസ് സൊസൈറ്റി(ഡി.എല്‍.എസ്.എ) സെക്രട്ടറിയും സബ്ജഡ്ജുമായ എ.ജി സതീഷ്‌കുമാര്‍ സമരപ്പന്തലിലെത്തി വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അതോറിറ്റിയുടെ ഇടപെടല്‍. എന്നാല്‍ ഇതും കുടുംബത്തിന് അനുകൂലമാകുന്ന നടപടിയിലേക്കു നീങ്ങിയില്ല.
പരിഹാരം ഇതാണ്
ഭൂമി വിജ്ഞാപനം ചെയ്തതില്‍ ബോധപൂര്‍വമോ അല്ലാതെയോ വന്ന പിശക് സമ്മതിക്കാനും തിരുത്താനും വനംവകുപ്പ് തയാറായാല്‍ ദിവസങ്ങള്‍ക്കകം പരിഹാരമാകുന്നതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂപ്രശ്‌നം. ഇനിയെങ്കിലും സമരം പൊതുജനം ഏറ്റെടുത്തെങ്കില്‍ മാത്രമേ ഈ കുടുംബത്തിനു നീതി ലഭിക്കൂ. നീതീപീഠത്തിനു മുന്നില്‍ മറ്റൊരു ശ്രീജിത്തായി വയനാട് കലക്ടറേറ്റ് പടിക്കല്‍ ജയിംസ് നടത്തുന്ന സമരം വിജയം കണ്ടേ മതിയാകൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."