നാട് മറന്ന ഫലവൃക്ഷങ്ങള്‍ തിരികെ എത്തിക്കാന്‍ വനം വകുപ്പ് പദ്ധതി
മാനന്തവാടി: മുന്‍ കാലങ്ങളില്‍ ഗ്രാമങ്ങളിലും നാട്ടിന്‍ പുറങ്ങളിലും യഥേഷ്ടം ലഭ്യമായിരുന്നതും എന്നാല്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ ഫല വൃക്ഷങ്ങള്‍ തിരികെ കൊണ്ട് വരാന്‍ വനം വകുപ്പ് പദ്ധതി ആരംഭിച്ചു. മുന്‍ കാലങ്ങളില്‍ നിത്യേന ഉപയോഗിക്കുന്നതും ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങളും പോഷക മൂല്യമുള്ള പ്ലാവ്, അയനിചക്ക, മാങ്ങ, കാട്ട് മാങ്ങ എന്നിവ തിരികെ കൊണ്ടു വരാനാണ് വനം വകുപ്പ് പദ്ധതി ആരംഭിക്കുന്നത്.
മുന്‍ കാലങ്ങളില്‍ ജില്ലയിലെ ആദിവാസികളുള്‍പെടെയുള്ളവരുടെ ഭക്ഷണത്തിലെ അഭിവാജ്യ ഘടകമായിരുന്നു ചക്ക. എന്നാല്‍ ഇന്ന് പല വിധ കാരണങ്ങളാലും മറ്റും പ്ലാവുകളെല്ലാം വ്യാപകമായി മുറിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ വന വല്‍ക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചിന് കീഴിലെ ബേഗൂരിലെ നഴ്‌സറിയില്‍ ഇവയുടെ ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്. കാടുകളില്‍ നിന്നും മറ്റ് പലയിടങ്ങളില്‍ നിന്നും കൊണ്ട് വന്ന വിത്തുകള്‍ ഉപയോഗിച്ചാണ് മാങ്ങ, അയനിചക്ക, പ്ലാവ് എന്നിവയുടെ ചെടികള്‍ ഈ നഴ്‌സറിയില്‍ മുളപ്പിച്ചെടുക്കുന്നത്.
ആദ്യമായാണ് സാമൂഹ്യ വന വല്‍ക്കരണ വിഭാഗം ഈ മൂന്നിനങ്ങള്‍ വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയത്. മുള, ചമത, കണിക്കൊന്ന, കരിങ്കാലി, കറിവേപ്പില, കാവളം, മഹാഗണി, സീതപ്പഴം, നെല്ലി, ഞാവല്‍, എന്നിങ്ങനെ 22ഇനം തൈകളാണ് സന്നദ്ധ സംഘടനകള്‍ ഫോറസ്റ്റി ക്ലബുകള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെയാണ് നാട്ടില്‍ പുറങ്ങളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഈ മൂന്ന് ഇനങ്ങള്‍ കൂടി വിതരണം ചെയ്യുന്നത്. പദ്ധതി സംസ്ഥാനത്ത് ജില്ലയിലാണ് ആദ്യമായി തുടക്കമിട്ടതെന്ന് പറയപ്പെടുന്നു. ജൂലൈ ആദ്യ വാരത്തോടെ വിതരണം ചെയ്യുന്നതിന് ബേഗൂര്‍ നഴ്‌സറിയില്‍ 10000 ത്തോളം ചെടികളാണ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്. മറ്റിനങ്ങളില്‍പ്പെട്ട ഒരു ലക്ഷം തൈകളും ജൂണ്‍ ആദ്യ വാരത്തോടെ വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. ഫോറസ്റ്റി കണ്‍സള്‍ട്ടന്റ് സൗജന്യമായാണ് തൈകള്‍ നല്‍കുന്നതെങ്കിലും നല്‍കുന്ന തൈകളുടെ തുക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."