സര്‍ക്കാര്‍ നിര്‍ദേശത്തിന് സ്റ്റേ: ഭൂഗര്‍ഭജലം ഊറ്റാന്‍ കുപ്പിവെള്ള കമ്പനികള്‍ക്ക് അനുമതി
എ.എസ് അജയ്‌ദേവ്
തിരുവനന്തപുരം: കുപ്പിവെള്ള കമ്പനികള്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതു തടയാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിരിക്കെ ജലാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വെള്ളത്തിന്റെ ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശം പാലിക്കാന്‍ സംസ്ഥാനത്തെ കുപ്പിവെള്ള കമ്പനികള്‍ തയാറായില്ല. സര്‍ക്കാര്‍ നിര്‍ദേശം മറികടക്കാന്‍ കുപ്പിവെള്ള കമ്പനി ഉടമകളുടെ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു.
ഭൂഗര്‍ഭ ജലത്തിന്റെ വിതാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നും, വ്യവസായം പൂട്ടിപ്പോയാല്‍ നിരവധി കുടുംബങ്ങള്‍ പട്ടിണിയാകുമെന്നും കാണിച്ചാണ് കുപ്പിവെള്ള കമ്പനി ഉടമകള്‍ കോടതിയില്‍ പോയത്. ഇതു പരിഗണിച്ച് സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാന്‍ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍, ഭൂഗര്‍ഭ ജല അതോറിട്ടിയോ, വാട്ടര്‍ അതോറിട്ടിയോ ഇതറിഞ്ഞിട്ടില്ല. രണ്ടു തവണ ഹൈക്കോടതി നോട്ടീസ് അയച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് കുപ്പിവെള്ള കമ്പനികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിര്‍ദേശം കോടതി സ്റ്റേ ചെയ്തു. ഇതോടെ വരള്‍ച്ചയുടെ കാഠിന്യത്തിലും കുപ്പിവെള്ള കമ്പനികള്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
കുപ്പിവെള്ള കമ്പനികള്‍ നല്‍കിയ കേസിന്റെ മറുഭാഗം കേള്‍ക്കാന്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചത് മറച്ചുവെയ്ക്കുകയോ, അറിയാതിരിക്കുകയോ ചെയ്തതു വഴി ഭൂഗര്‍ഭ ജലത്തിന്റെ ദുരുപയോഗത്തിനു കൂട്ടു നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത് ചെറുക്കുന്നതിനായി ഇന്നലെ അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാരിന്റെ വാദം കോടതിയില്‍ ഫയല്‍ ചെയ്തു. യാതൊരു കാരണവശാലും കുപ്പിവെള്ള കമ്പനികള്‍ക്ക് ഭൂഗര്‍ഭ ജലം ഉപയോഗിക്കാന്‍ അനുവാദം നല്‍കില്ല. വരള്‍ച്ചാക്കാലത്ത് കിണറുകളില്‍ പോലും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യം അനുസരിച്ച് കുപ്പിവെള്ള കമ്പനികളെയോ, ജലാധിഷ്ഠിതമായ മറ്റു വ്യവസായങ്ങളെയോ പ്രോത്സാഹിപ്പിക്കാനാകാത്ത അവസ്ഥയാണ്. റിസര്‍വോയറുകള്‍ വറ്റി വരണ്ടു തുടങ്ങി. ഭൂഗര്‍ഭ ജലവിതാനവും ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ മലിനജലം കുടിച്ചു ജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് സി.ഡബ്ലിയു.ആര്‍.ഡി.എം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കുടിവെള്ളം റേഷനായി നല്‍കിത്തുടങ്ങിയിട്ടുണ്ട്. ജലം പാഴാക്കാതിരിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള വലിയ പ്രചാരണം സര്‍ക്കാര്‍ നടത്തുന്നുണ്ട്. ജല ഉപയോഗത്തിന് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഈ വാദങ്ങള്‍ ഉന്നയിച്ചാണ് കുപ്പിവെള്ള കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, കുപ്പിവെള്ള കമ്പനികള്‍ കോടതിയെ സമീപിച്ച് അനുകൂല തീരുമാനം ഉണ്ടാക്കിയെടുത്തത് മനസിലാക്കാനാവാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും സമ്മതിക്കുന്നുണ്ട്. ഇത് പരിശോധിക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."