പത്തുവയസുള്ള പെണ്‍കുട്ടി
അതേ സര്‍, ഇതുപോലുള്ള ഒരാശുപത്രിക്കേ എന്റെ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുള്ളൂ. ആശുപത്രിയെക്കുറിച്ചുള്ള പരസ്യങ്ങളൊന്നും കണ്ടിട്ടോ വായിച്ചിട്ടോ അല്ല ഗുണഭോക്താക്കള്‍ പറഞ്ഞറിഞ്ഞ വിശേഷങ്ങള്‍ കേട്ടിട്ടാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. സത്യമായും, ഈ ആശുപത്രിയിലും ഇവിടുത്തെ അനേക ഡോക്ടര്‍മാരില്‍ ഒരാളായ താങ്കളിലുമെനിക്ക് വിശ്വാസമുണ്ട്.
അയാളുടെ എന്തോ ആധി അലട്ടുന്ന ഒരാളുടേതുപോലുള്ള സംസാരം കേട്ട് ഡോക്ടര്‍ ബിശ്വാസ് ബസന്തിന് കലിപ്പ് കേറിത്തുടങ്ങിയിരുന്നു. എത്രയോ നേരമായി ഇയാളിങ്ങനെ സംസാരിക്കുന്നു. ഒന്നും രണ്ടുമല്ല അതില്‍ കൂടുതല്‍ ദിവസങ്ങളില്‍ വിളിച്ചു ബുദ്ധിമുട്ടിച്ചതിനു ശേഷമാണ് സന്ദര്‍ശനാനുമതി നല്‍കിയതുതന്നെ. എന്താണ് ആവലാതിയെന്ന് അറിയില്ല. ഇയാളൊട്ട് കാര്യങ്ങള്‍ വിശദമാക്കുന്നുമില്ല.
നഗരത്തില്‍ ഈയിടെ തുടങ്ങിയ ന്യൂജെന്‍ ആശുപത്രികളില്‍ ഒന്നുമാത്രമാണിത്. നിരവധി ചികിത്സാ സംവിധാനങ്ങളുള്ള പുതിയ ആതുരാലയങ്ങള്‍. ഇതാണെങ്കില്‍ ചില ജനിതക പരീക്ഷണങ്ങളിലൂടെ പ്രായത്തിനു കടിഞ്ഞാണിട്ടു യുവത്വം നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍ തുറന്നിടുന്ന ആശുപത്രി. ആശുപത്രിയില്‍ സന്ദര്‍ശകരൊഴിഞ്ഞ നേരമില്ല. ബിശ്വാസ് ബസന്തിനു പുറമെ ഇതുവരെ ആരും അധികമൊന്നും കേള്‍ക്കാത്ത ബിരുദങ്ങളുടെ അടയാളമുദ്രകളുമായി ഒന്നു നിശ്വസിക്കാന്‍ പോലും സമയമില്ലാത്ത ശുശ്രൂഷകര്‍. അവരെയൊക്കെ കാണാനുള്ള അനുമതി കിട്ടാന്‍ തന്നെ പ്രയാസം. അതിനിടെയാണു നേരത്തെ നമ്മള്‍ കണ്ട അയാള്‍ക്ക്, അതായത് രമണന്‍ എന്ന കാല്‍പനിക നാമധാരിയായ അയാള്‍ക്ക് ഡോക്ടര്‍ ബിശ്വാസ് ബസന്തിനെ കാണാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
പക്ഷേ രമണന്റെ ഇരിപ്പു കണ്ടും സംസാരം കേട്ടും ഡോക്ടര്‍ക്ക് വിരസത അനുഭവപ്പെടുകയാണ്. വിശേഷങ്ങളൊന്നും വിശദമായി പറയാന്‍ സമയമുള്ള ഇടമല്ല ഇതെന്ന് ഈ സന്ദര്‍ശകരെന്തേ മനസിലാക്കാത്തതെന്ന ദേഷ്യം ഡോക്ടറുടെ ഉള്ളില്‍ കട്ടിപിടിക്കുകയാണ്.
''ഡോക്ടര്‍ വളരെ പ്രതീക്ഷയോടെയാണ് ഞാനിവിടെ എത്തിയത്.'' രമണന്‍ തുടരുന്നു.
''പറയൂ പറയൂ..... എന്താ നിങ്ങളുടെ പ്രശ്‌നം?''
ഇയാള്‍ അത്ര വയസനൊന്നുമല്ലല്ലോ, യുവത്വം വിട്ടു തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് അതിനിടയിലും ബിശ്വാസ് ബസന്ത് ചിന്തിക്കാതെയായിരുന്നില്ല. സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന മുന്നറിയിപ്പു പോലെ ഒരു സിസ്റ്റര്‍ അതിനിടയ്ക്കു മുറിയിലേക്ക് എത്തിനോക്കുകയും ചെയ്തു. ഒരു രോഗിക്കും അധികം സമയം അനുവദിക്കരുത്, ഡ്യൂട്ടി ടൈമിനിടെ പരമാവധി രോഗികളെ നോക്കിയിരിക്കണം, ആശുപത്രി പണമുണ്ടാക്കാനായി കെട്ടി ഉയര്‍ത്തിയിരിക്കുന്ന ഇടം കൂടിയാണെന്ന ബോധം ഓരോ ആശുപത്രി ജീവനക്കാര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ് എന്നതൊക്കെ ആശുപത്രിയുടെ അലിഖിത നിയമങ്ങള്‍. അതൊക്കെ ലംഘിക്കുകയാണോ താനെന്ന അസ്വസ്ഥതകളോടെ പെട്ടെന്നു കാര്യങ്ങള്‍ പറയൂ രമണാ എന്ന് ഡോക്ടര്‍ തിരക്കുകൂട്ടി.
''സര്‍ എന്റേത് വലിയൊരു ആവലാതിയാണ്. ഡോക്ടര്‍ വേണം എന്നെ രക്ഷിക്കാന്‍.''
''രമണാ നമ്മുടെ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ താങ്കളെ പുറത്താക്കി എനിക്ക് അടുത്ത ആളെ വിളിക്കേണ്ടിവരും.''
''ഞാന്‍ പെട്ടെന്ന് കാര്യത്തിലേക്ക് വരാം ഡോക്ടര്‍. സത്യമായും മകളാണ് എന്റെ സങ്കടം.''
മകള്‍ക്കെന്തു വിഷയം. മറ്റേതോ ആശുപത്രിയില്‍ പോകേണ്ട രമണന്‍ വഴിതെറ്റി ഇവിടെ എത്തിയതുതന്നെ. ഇയാളുടെ മകളെന്നു പറയുമ്പോള്‍ അത്രയൊന്നും പ്രായമാകാത്ത കുട്ടി ആയിരിക്കണമല്ലോ. അതേസമയം രമണന്‍ മനസുകൊണ്ട് രണ്ടുനാള്‍ മുന്‍പത്തെ ഒരു സായാഹ്ന നഗരത്തിലായിരുന്നു. മകളുമായി അവള്‍ക്കുവേണ്ട ഉടുപ്പുകളും മറ്റും തിരഞ്ഞു തുണിക്കടകളില്‍ കേറി ഇറങ്ങുന്ന രമണന്‍. അതിനിടെ എവിടുന്നൊക്കെയോ ചില ലക്ഷണംകെട്ട നോട്ടങ്ങള്‍ വന്നു മകളെ പൊള്ളിക്കുമ്പോഴാണ് രമണന്‍ ഞെട്ടലോടെ മനസിലാക്കിയത്. മകള്‍ വല്ലാതെ വളരുകയാണ്, പത്തു വയസിന്റെ വലിപ്പത്തിലുമുപരി.
''എവിടെ മകള്‍?''
''വീട്ടിലുണ്ട്.''
''വയസ്?''
''പത്ത്.''
അടുത്ത സംഭാഷണത്തോടെ രമണനെ പുറത്താക്കണം. രമണന്‍ ഇവിടെ വരേണ്ട ആളല്ല. സിസ്റ്റര്‍ രണ്ടാമതും മുഖം കാണിച്ചു കഴിഞ്ഞിരിക്കുന്നു.
''ഒരേ ഒരു മകളാ ഡോക്ടര്‍. പത്തു വയസിലും അവള്‍ സുന്ദരിക്കുട്ടി. വേണ്ട ഡോക്ടര്‍ ഇനിയും അവളെ വളരാനനുവദിക്കരുത്.... അവളുടെ പത്തു വയസിനെ അങ്ങനെ തന്നെ മരവിപ്പിച്ചു നിര്‍ത്തണം. ഡോക്ടര്‍ വേണം എന്നെ സഹായിക്കാന്‍.... എനിക്ക് മറ്റൊരു അവലംബവും ഇല്ല ഡോക്ടര്‍. ഒരച്ഛനെന്ന നിലയ്ക്കു തോറ്റുപോകാതിരിക്കാനാ....''
രമണന്റെ അവസാനത്തെ വാക്കുകള്‍ നിലവിളിയില്‍ ചെന്നു മുട്ടുമ്പോള്‍ ഡോക്ടര്‍ ബിശ്വാസ് ബസന്ത് ജീവന്റെ സര്‍വചലനങ്ങളുമറ്റ ഒരു പ്രതിമ പോലെ തന്റെ ചുറ്റിത്തിരിയുന്ന കസേരയില്‍ ഭ്രമണപഥമറിയാതെ കറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."