ലോകത്തെ ഏറ്റവും ഉയരം കൂടിയ അംബരചുംബി 'ജിദ്ദ ടവര്‍' നിര്‍മാണത്തിന് കരാറായി
റിയാദ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ നിര്‍മാണത്തിനു പുതിയ കരാറായി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ 620 ദശലക്ഷം റിയാലിന്റെ കരാറിലാണ് ബന്ധപ്പെട്ടവര്‍ ഒപ്പുവച്ചത്. ജിദ്ദ ഇക്കണോമിക് കമ്പനി നിര്‍മിക്കുന്ന ടവറില്‍ അല്‍ ഫൗസാന്‍ ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ കരാറില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ തീര്‍ക്കണമെന്നാണു വ്യവസ്ഥയെന്ന് ജിദ്ദ ഇക്കണോമിക് കമ്പനി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും ഉയരം കൂടിയ ആകാശഗോപുരമായ 'ജിദ്ദ ടവറി'ന് ഒരു കിലോമീറ്റര്‍ ഉയരമാണു നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ദുബൈയിലെ ബുര്‍ജ് ഖലീഫക്കാണ്. ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്റര്‍ മാത്രമാണ്. ഇതിനെക്കാള്‍ 172 മീറ്റര്‍ ഉയരമായിരിക്കും ജിദ്ദ ടവറിനുണ്ടണ്ടാകുക.
നേരത്തെ കിങ്ഡം ടവര്‍ എന്നു വിശേഷിപ്പിച്ചിരുന്ന അംബരചുംബി പിന്നീട് ജിദ്ദ ടവര്‍ ആയി മാറ്റുകയായിരുന്നു. നിലവില്‍ അഴിമതിക്കേസില്‍ സഊദി ജയിലില്‍ കഴിയുന്ന വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിങ് കമ്പനിയുടേതാണ് ടവര്‍ എന്നായിരുന്നു നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്. 120 കോടി ഡോളറാണ് നിര്‍മാണ ചെലവെന്നും 2020ല്‍ പൂര്‍ത്തിയാകുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, പുതിയ വാര്‍ത്താകുറിപ്പില്‍ ഇതേ കുറിച്ചൊന്നും പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."