ഇനിയെന്നു നിലയ്ക്കും ഈ ചൂളംവിളി
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഒരു സുപ്രധാന സന്ദേശം കാണാറുണ്ട്. എമര്‍ജന്‍സി ഹൃദയസര്‍ജറിക്കായി ഒരു രോഗിയെ മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു കൊണ്ടു പോവുന്നു. വഴിയില്‍ തടസ്സമില്ലാതെ നോക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. ഇതായിരിക്കും സന്ദേശം.
ഒരു മാസം മുമ്പാണ് കണ്ണൂരില്‍ നിന്ന് ആറു മണിക്കൂര്‍ കൊണ്ടു തമീമെന്ന ആംബുലന്‍സ് ഡ്രൈവര്‍ മരണപ്പാച്ചില്‍ നടത്തി ഒരു കുരുന്നിനെ തിരുവന്തപുരത്തെത്തിച്ചത്. ദൈവാനുഗ്രഹത്താല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അതിന് അടുത്തയാഴ്ച്ചയാണു കാസര്‍കോടു നിന്ന് ഹസ്സനെന്ന ആംബുലന്‍സ് ഡ്രൈവര്‍ വേഗതയാര്‍ന്ന ഓട്ടത്തിനൊടുവില്‍ 15 വയസ്സായ പെണ്‍കുട്ടിയെ തിരുവന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ശസ്ത്രക്രിയ നടന്നെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയില്ല.
ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ സഹകരിക്കുന്ന നാട്ടുകാര്‍, ആംബുലന്‍സിന് എസ്‌കോട്ട് നല്‍കുന്ന പൊലിസ് വാഹനങ്ങള്‍, വഴിയിലെ ട്രാഫിക് പൊലിസുകാര്‍, ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ,സാംസ്‌കാരിക സംഘടനകള്‍, ഇങ്ങനെ പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
പക്ഷേ, ഒരു കാര്യം വേദനയോടു കൂടെ ചോദിക്കാതിരിക്കാന്‍ സാധ്യമല്ല. വര്‍ഷങ്ങളേറെയായിട്ടും എന്തുകൊണ്ടാണു വടക്കന്‍ മേഖലകളില്‍ തത്തുല്യമായ ആതുരാലയങ്ങള്‍ പണിയുന്നില്ല. കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളിലുള്ള രോഗികള്‍ക്ക് ഇനിയെന്നാണു സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുക.
കാസര്‍ക്കോട്ട് മെഡിക്കല്‍ കോളേജിനു തറക്കല്ലിട്ടു വര്‍ഷമേറെയായി. അഞ്ചുനിയമസഭാ പ്രതിനിധികളും ഒരു ലോക്‌സഭാ പ്രിതിനിധിയും ഒരു മന്ത്രിയും ജില്ലയ്ക്കുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതില്‍ അമര്‍ഷമുണ്ട്. മരണവെപ്രാളത്തില്‍ മംഗലാപുരത്തേയ്ക്കും തിരുവനന്തപുരയ്യ്ക്കും ഓടുന്നനേരം രോഗികള്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നതിന് ആരു സമാധാനം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."