അഭയ കേസ്: മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി.മൈക്കിളിനെയാണ് നാലാം പ്രതിയാക്കി ചേര്‍ത്തത്. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് തീരുമാനം.
സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെടി മൈക്കിള്‍ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഭയ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു.
മൂന്ന് വര്‍ഷം പഴക്കമുള്ളതും നാളിതുവരെ അവകാശികള്‍ എത്തിച്ചേരാത്തതുമായ തൊണ്ടിമുതലുകള്‍ നശിപ്പിക്കാന്‍ അന്നത്തെ കോട്ടയം സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ആയിരുന്ന കിഷോര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ മറവിലാണ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകാതെ അഭയ കേസിലെ തൊണ്ടിമുതലുകള്‍ നശിപ്പിച്ചത്.
തെളിവ് നശിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും അതിനാല്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹരജിയില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
അതിനിടെ, കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മൈക്കിള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഫെബ്രുവരി ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ കോടതി മൈക്കിളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസിലെ ആദ്യ മൂന്നു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."