പ്രവാസിയുടെ കൊലപാതകം; ഇടതുകൈ പമ്പാ നദിയില്‍ നിന്നും കണ്ടെടുത്തു
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ പിതാവിനെ വെടിവച്ചുകൊന്ന് കത്തിച്ചശേഷം ചാക്കിലാക്കി പമ്പാനദിയില്‍ ഒഴുക്കിയെന്ന മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് വി ജോണ്‍ (68) ന്റേതെന്ന് കരുതുന്ന ഇടതുകൈത്തണ്ട കണ്ടെത്തി.
ഇന്നലെ ഉച്ചക്ക് 1.15ന് പാണ്ടനാട് ഇടക്കടവ് ടൂറിസം കേന്ദ്രത്തിന് എതിര്‍വശത്തുള്ള പമ്പാ നദിയിലെ കുളിക്കടവില്‍ നിന്നാണ് ശരീരത്തില്‍ നിന്നും വെട്ടിമാറ്റിയ നിലയിലുള്ള കൈത്തണ്ട ലഭിച്ചത്. ഇതോടെ ജോയ് വി ജോണിനെ മകന്‍ ഷെറിന്‍ വെടിവച്ചുകൊന്ന ശേഷം ശരീര ഭാഗങ്ങള്‍ മുറിച്ച് ചില ഭാഗങ്ങള്‍ മാത്രം കത്തിച്ചശേഷം ചാക്കിലാക്കി നദിയിലൊഴുക്കുകയായിരുന്നു എന്ന സംശയം കൂടുതല്‍ ബലപ്പെട്ടു.
28ന് ജോയ് വി ജോണിന്റെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി കത്തിച്ചു എന്ന് കരുതുന്ന ചെങ്ങന്നൂര്‍ കോടതിറോഡിനു സമീപമുള്ള ബഹുനില കെട്ടിട സമുച്ചയത്തിന്റെ കാര്‍പാര്‍ക്കിങ് ഏരിയയില്‍ നിന്നും കത്തിയ മാംസാവശിഷ്ടങ്ങളും ജോയ് വി ജോണിന്റെ ഒരു കാലിലെ ചെരിപ്പും ഉടുപ്പിന്റെ ബട്ടന്‍സും പൊലിസിന് ലഭിച്ചിരുന്നു. കൊലചെയ്യാനുപയോഗിച്ച തോക്കും, കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പമ്പാ നദിയില്‍ നിന്നും ലഭിച്ച ഇടതുകൈതണ്ട ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ജോയ് വി ജോണിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ജില്ലാപൊലിസ് മേധാവി പി. അശോക് കുമാര്‍ പറഞ്ഞു. കൂടാതെ ജോയ് വി ജോണിന്റെ ഭാര്യ മറിയാമ്മയെയും മകന്‍ ഡോ. ഷെറിലിനെയും പൊലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."