പച്ചക്കറി വില കുത്തനെ ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. എറണാകുളം മാര്‍ക്കറ്റില്‍ ഇന്നലെ പയറും ബീന്‍സും തക്കാളിയുമൊക്കെ 10 രൂപക്ക് കിറ്റ് നിറയെ വാരിക്കൊടുത്തിട്ടും വാങ്ങാനാളില്ല. തമിഴ്നാട്, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍നിന്ന് പച്ചക്കറി വരവ് കൂടിയതിനെ തുടര്‍ന്നാണ് വില കുത്തനെ ഇടിഞ്ഞത്.
കിലോക്ക് 180 രൂപ വരെയെത്തിയ ചെറിയഉള്ളിയുടെ വില ഇന്നലെ 40 രൂപയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഉള്ളിവില ഉയരാന്‍ തുടങ്ങിയത്. കിലോയ്ക്ക് 30-35 രൂപയുണ്ടായിരുന്ന ചെറിയഉള്ളിക്ക് വില കുത്തനെ കൂടുകയായിരുന്നു. തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ലോഡ് വരവ് കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു വില കുത്തനെ കൂടിയത്. വില പടിപടിയായി ഉയര്‍ന്നതോടെ ഹോട്ടലുകാരും വീട്ടമ്മമാരുമൊക്കെ ചെറിയഉള്ളി വാങ്ങാതായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചെറിയഉള്ളിവിലയില് കുറവ് വന്നുതുടങ്ങിയത്. ശനിയാഴ്ച മൊത്തവിപണിയില്‍ കിലോക്ക് 60 രൂപയായിരുന്ന ചെറിയഉള്ളിക്ക് ഇന്നലെ വീണ്ടും കുറഞ്ഞ് 40 രൂപയിലെത്തി. ചില്ലറവിപണിയില് 50 രൂപയായിരുന്നു ഇന്നലത്തെ വില. വരുംദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തക്കാളി, ബീന്‍സ്, ക്യാരറ്റ്, പച്ചമുളക് എന്നിവയ്ക്കും വില കുത്തനെ കുറഞ്ഞിട്ടുണ്ട്. പകുതിയിലധികമായാണ് ഇവയ്ക്കൊക്കെ വില കുറഞ്ഞത്. മുരിങ്ങക്കായ, പച്ചമാങ്ങ എന്നിവയ്ക്കുമാത്രമാണ് ഉയര്‍ന്ന വിലയുള്ളത്. കിലോക്ക് നൂറുരൂപയ്ക്ക് അടുത്തെത്തിയ ബീന്‍സിന്റെയും തക്കാളിയുടെയുമൊക്കെ വില 10 രൂപയായി കുറഞ്ഞു. കാബേജ് കിലോക്ക് 20രൂപയായപ്പോള്‍ പച്ചമുളകിന് 30 രൂപയായാണ് കുറഞ്ഞത്. അതേസമയം, വിലക്കുറവ് തങ്ങളെ സാരമായി ബാധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇപ്പോള്‍തന്നെ ആവശ്യക്കാരില്ലാത്തതിനാല്‍ പച്ചക്കറികള്‍ കുന്നുകൂടി കിടക്കുന്ന അവസ്ഥയുണ്ടെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."