നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കണം: ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ അനന്തമായി നീണ്ടുപോകുന്നതില്‍ അതൃപ്തിയുമായി ജസ്റ്റിസ് ജെ. ചേലമേശ്വര്‍.
സുപ്രിം കോടതിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് പക്ഷപാതമില്ലാത്തതും സ്വതന്ത്രവും നീതിപൂര്‍വകവുമായ നീതിന്യായ വ്യവസ്ഥ ആവശ്യമാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണ് സുപ്രിം കോടതിയിലെ വിധി പ്രസ്താവങ്ങള്‍. അതുകൊണ്ട് കോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. നീതിന്യായ വ്യവസ്ഥയില്‍ നിരന്തരമായ പരിശോധന ആവശ്യമാണ്.
രാജ്യത്തെ ജനസംഖ്യയില്‍ എട്ടിലൊന്ന് ആളുകളും നീതിന്യായ വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെടുന്നവരാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍.
ഇവര്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ കൃത്യമായ മാര്‍ഗരേഖ ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും സുപ്രിം കോടതിയിലെ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. ജഡ്ജിമാര്‍ മുന്നോട്ടുവച്ച പരിഹാര നിര്‍ദേശങ്ങളെക്കുറിച്ച് ഇതുവരെ ചീഫ് ജസ്റ്റിസ് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."