ആലിംഗന നയതന്ത്രം; മോദി എന്തുകൊണ്ട് കര്‍ഷകരേയും സൈനികരേയും അവഗണിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതരായ ആളുകളെ മാത്രമേ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാറുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കര്‍ഷകരെയോ തൊഴിലാളികളെയോ സൈനികരെയോ മോദി കെട്ടിപ്പിടിക്കാറില്ല.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. മുന്‍പ് മോദിയുടെ ആലിംഗന നയതന്ത്രത്തെ കോണ്‍ഗ്രസ് പരിഹസിച്ച അവസരത്തില്‍ ചട്ടങ്ങളൊന്നും അറിയാത്ത സാധാരണക്കാരനാണ് താനെന്നായിരുന്നു മോദിയുടെ മറുപടി. മോദിയുടെ ഈ പ്രസ്താവനക്ക് വിമര്‍ശനമായാണ് രാഹുലിന്റെ ട്വീറ്റ്. 'അദ്ദേഹം പറയുന്നു അദ്ദേഹമൊരു സാധാരണക്കാരനാണെന്ന്.
പിന്നെന്തിനാണ് മോദിജീ താങ്കള്‍ ഉന്നതരെ മാത്രം കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്നത്, കര്‍ഷകരെയും തൊഴിലാളികളെയും സൈനികരെയും ആലിംഗനം ചെയ്യുന്നതും ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ച് പ്രധാനമാണ്.' രാഹുല്‍ പറഞ്ഞു.
ലോകനേതാക്കളെ മോദി കെട്ടിപ്പിടിക്കുന്നതിനെ പരിഹസിച്ച് ഈ മാസം 14 ന് ഒരു വിഡിയോ പുറത്തിറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലായിരുന്നു ഇത് ട്വീറ്റ് ചെയ്തിരുന്നത്.
ഇസ്രാഈല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹുവിനെ മോദി ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഹഗ്‌പ്ലോമസി എന്ന ടാഗ് ലൈനില്‍ വിഡിയോ ഇറങ്ങിയത്.
ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് താനൊരു സാധാരണക്കാരനാണെന്നും തനിക്ക് ചട്ടങ്ങളൊന്നും അറിയില്ലെന്നും മോദി പ്രതികരിച്ചത്.
ഇതിനെയാണ് ഇപ്പോള്‍ രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."