മാറ്റമില്ലാതെ ഇന്ത്യന്‍ ബാറ്റിങ്
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരേ ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവ് വച്ച് മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. വൈറ്റ്‌വാഷ് ഭീഷണി ഒഴിവാക്കുക ലക്ഷ്യമിട്ട് ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനത്തില്‍ 187 റണ്‍സിന് പുറത്തായി.
മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ആയുധം വച്ച് കീഴടങ്ങി. മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സെന്ന നിലയില്‍. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 181 റണ്‍സ് കൂടി വേണം. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ഓപണര്‍ മാര്‍ക്രം ആണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. കളി നിര്‍ത്തുമ്പോള്‍ സഹ ഓപണര്‍ ഡീന്‍ എല്‍ഗാര്‍ 18 പന്തില്‍ നാല് റണ്‍സുമായും രാത്രി കാവല്‍ക്കാരന്‍ കഗിസോ റബാഡ പത്ത് പന്തില്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍.
ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഒന്നും രണ്ടും ടെസ്റ്റുകളില്‍ നേരിടേണ്ടി വന്ന അവസ്ഥ മൂന്നാം പോരാട്ടത്തിലും കാത്തിരിപ്പുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കുന്ന കാഴ്ച്ച. അര്‍ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (54), ചേതേശ്വര്‍ പൂജാര (50), വാലറ്റത്ത് ആഞ്ഞടിച്ച ഭുവനേശ്വര്‍ കുമാര്‍ (30) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് സ്‌കോര്‍ 150 കടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ നാലാമത്തെ വലിയ സ്‌കോര്‍ എക്‌സ്ട്രാ ഇനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നല്‍കിയ 26 റണ്‍സാണ്. മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും ക്രീസില്‍ എത്തലും പവലിയനിലേക്ക് മടങ്ങലും ക്ഷണത്തിലായിരുന്നു. ഒരാള്‍ പോലും രണ്ടക്കം പോലും കടന്നില്ല.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് 13 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലി- പൂജാര സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് പ്രതീക്ഷ പകര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച് ഒരറ്റത്ത് പൂജാര പിടിച്ചു നിന്നു. ആദ്യ റണ്‍സ് സ്വന്തമാക്കാന്‍ പൂജാര ചെലവാക്കിയത് 53 പന്തുകള്‍. 54ാം പന്തിലാണ് പൂജാര ആദ്യ റണ്‍സ് നേടിയത്. ഇത്രയും പന്തുകള്‍ കളിച്ച് ആദ്യ റണ്‍സ് കണ്ടെത്തുന്ന ലോകത്തിലെ മൂന്നാമത്തെ താരമായും പൂജാര മാറി. മറുഭാഗത്ത് കോഹ്‌ലി വേഗതയില്‍ സ്‌കോറുയര്‍ത്താന്‍ ശ്രമം നടത്തി. സ്‌കോര്‍ 13ല്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 97 വരെ എത്തിച്ചാണ് കോഹ്‌ലി മടങ്ങിയത്. 106 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 54 റണ്‍സെടുത്തത്. പിന്നീട് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ 27 പന്തുകള്‍ നേരിട്ട് ഒന്‍പത് റണ്‍സുമായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
പിന്നാലെ പൂജാരയും കീഴടങ്ങി. 179 പന്തുകള്‍ നേരിട്ട് എട്ട് ഫോറിന്റെ അകമ്പടിയില്‍ 50 റണ്‍സാണ് താരം സ്വന്തമാക്കിയത്. അടുത്ത ഊഴം പാര്‍ഥിവ് പട്ടേലിനായിരുന്നു. താരം 22 പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സുമായി കൂടാരം കയറി. സ്‌കോര്‍ 144ല്‍ നില്‍ക്കെ പൂജാരയും പട്ടേലും പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ ഏഴിന് 144 എന്ന നിലയിലായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ദക്ഷിണാഫ്രിക്ക ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.
വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ നടത്തിയ ആക്രമണ ബാറ്റിങ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്താന്‍ ഉപകരിച്ചു. 49 പന്തില്‍ നാല് ഫോറുകളുമായി 30 റണ്‍സെടുത്ത് ഭുവനേശ്വര്‍ അവസാന വിക്കറ്റായി മടങ്ങുമ്പോള്‍ സ്‌കോര്‍ 187ല്‍ എത്തിയിരുന്നു. അതിനിടെ മുഹമ്മദ് ഷമി (എട്ട്), ഇഷാന്ത് ശര്‍മ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ബുമ്‌റ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്നു. മോര്‍ക്കല്‍, ഫിലാന്‍ഡര്‍, ഫെലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് എന്‍ഗിഡി സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."