പുഷ്പ വിപണിയില്‍ ആന്തൂറിയം
പൂക്കളുടെ വിപണിയില്‍ കേരളത്തിന് എന്നും വലിയ പരിഗണന തന്നെയാണുള്ളത്. ഉല്‍പാദനത്തില്‍ കേരളത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ആന്തൂറിയമാണ്.
ഹോളണ്ടില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് ആന്തൂറിയത്തിന്റെ വിവിധയിനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ലോകത്താകമാനം ആയിരത്തോളം ഇനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ വളരെ കുറച്ച് മാത്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്.
ആന്തൂറിയം
ആന്തൂറിയം എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം വാലുള്ള പൂവ് എന്നാണ്. ഗ്രീക്കില്‍ ആന്‍തോസ് എന്നാല്‍ പൂവ് എന്നും ഔറ എന്നാല്‍ വാല് എന്നുമാണ്. ഹൃദയാകൃതിയിലുള്ള നിറപ്പകിട്ടാര്‍ന്ന പൂപ്പാളിയും ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും ചേര്‍ന്നതാണ് കട്ട് ഫ്‌ളവറായി നമ്മള്‍ വാണിജ്യാ വശ്യത്തിനായി ഉപയോഗിക്കുന്ന ആന്തൂറിയം പൂവ്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ആന്തൂറിയത്തിന്റെ ഉത്ഭവ സ്ഥാനം. അഞ്ഞൂറോളം സ്പീഷീസുകള്‍ ഉള്ള ഒരു ജനുസാണ് ആന്തൂറിയം. 'അരേസിയ' എന്ന സസ്യ കുടുംബത്തില്‍പ്പെടുന്ന ഈ ചെടികള്‍ നിലത്തുവളരുന്നവയാണെങ്കിലും വേരുകള്‍ ഉള്ളവയാണ്. അതിനാല്‍ ആന്തൂറിയത്തിനെ 'സെമി ടെറസ്ട്രിയല്‍' ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം.
ചിത്രകാരന്റെ ഫലകം എന്നറിയപ്പെടുന്ന ആന്തൂറിയം ആന്‍ട്രിയാനത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളത്. മുറിച്ചെടുത്ത പൂക്കള്‍ക്കു വേണ്ടി അധികം കൃഷി ചെയ്യപ്പെടുന്നത് ഇതാണ്. പൂക്കള്‍ക്കു വേണ്ടി കൃഷി ചെയ്യപ്പെടുന്ന മറ്റു രണ്ട് സ്പീഷീസുകളാണ് ഷെര്‍സേറിയാനവും ആംനികോളയും. ഫ്‌ളാമിംഗോ ഫ്‌ളവര്‍ എന്നറിയപ്പെടുന്ന ഷെര്‍സേറിയാനം ചട്ടികളില്‍ വളര്‍ത്താന്‍ വളരെ യോജിച്ചതാണ്. ഇതിന്റെ തിരി ഒരു ചുരുള്‍ പോലെയാണ് കാണപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലാണ് ഇത് നന്നായി വളരുക. പന്നിവാലന്‍ ആന്തൂറിയം (പിഗ് ടെയില്‍) എന്നപേര്‍ തന്നെ അതിന്റെ ആകൃതിയെ ആസ്പദമാക്കിയാണ് നല്‍കിയിരിക്കുന്നത്. ആംനികോള ഇനങ്ങള്‍ ലൈലാക് ആന്തൂറിയം എന്നാണ് അിറയപ്പെടുന്നത്. പ്ലോട്ട് പ്ലാന്റ് ആയും ഇലച്ചെടിയായും ആന്തൂ റിയത്തിലെ പല ഇനങ്ങളും ഉപയോഗിക്കുന്നു.
പുഷ്പാലങ്കാരങ്ങള്‍ക്കും, പൂജാഭജനത്തില്‍ വെക്കാനും, പൂച്ചെണ്ടുകള്‍ നിര്‍മിക്കാനും ആന്തൂറിയം ഉപയോഗിച്ചു വരുന്നു. നിറഭംഗിയുള്ള, വൈവിധ്യമാര്‍ന്ന ഇലകളുള്ള സ്പീഷീസുകള്‍ ആന്തൂറിയത്തിലുണ്ട്. അന്തര്‍ഗൃഹ സസ്യങ്ങളായി ഉപയോഗിക്കാവുന്ന ഇവയിലെ ചില ഉദാഹരണങ്ങളാണ് ആന്തൂറിയം ഗ്രാന്‍ഡെ (എലിഫെന്റ് ഇയര്‍ ആന്തൂറിയം) ആന്തൂറിയം ക്രിസ്റ്റലിനും, ആന്തൂറിയം മാഗ്‌നിഫിക്കം, ആന്തൂറിയം ക്ലാറിനെര്‍വിയം, ആന്തൂറിയം വാറോക്വിയാനം, ആന്തൂറിയം വീറ്റ്ച്ചി, ആന്തൂറിയം പെഡാറ്റോറേ ഡിയേറ്റം എന്നിവ. ആന്‍ഡ്രിക്കോള എന്ന ഇനം, ആന്തൂറിയം ആന്‍ഡ്രിയാനവും ആന്തൂറിയം ആംനിക്കോളയും തമ്മിലുള്ള സങ്കരണം വഴി ഉല്‍പാദിപ്പിച്ചെടുത്തതാണ്. ഇവയുടെ ചെടികള്‍ ചെറുതാണ്.
വാണിജ്യം
ഏറെ വാണിജ്യ പ്രാധാന്യമുള്ള ആന്തൂറിയത്തിന് ലോക വിപണിയില്‍ 9-ാം സ്ഥാനമാണുള്ളത്. വാണിജ്യാടിസ്ഥാനത്തില്‍ ആന്തൂറിയം കൃഷിചെയ്യുമ്പോള്‍ ശ്രദ്ധയോടെ ഇനങ്ങള്‍ തെരഞ്ഞെടുക്കണം. ധാരാളം ഇനങ്ങള്‍ കൃഷിചെയ്യാനൊരുങ്ങാതെ രണ്ടോ മൂന്നോ നല്ല ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. ഇന്ന് ലോകമെമ്പാടും പ്രിയമേറുന്നത് നല്ല ചുവപ്പും, നല്ല വെള്ളയും, ഓറഞ്ചും നിറങ്ങളുള്ള പൂപ്പാളികളുള്ള ഇനങ്ങള്‍ക്കാണ്. ഹൃദയാകാരത്തിലുള്ള, രണ്ട് തുല്യഭാഗങ്ങളാക്കാവുന്ന അടിഭാഗം, മേല്‍ക്കുമേല്‍ കിടക്കുന്ന വലിയ ധാരാളം ചിനപ്പുകള്‍, നീളമുള്ള വളവില്ലാത്ത പൂങ്കുലത്ത് എന്നിവ നല്ലയിനം ആന്തൂറിയത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തിരിയുടെ നീളം പൂപ്പാളിയുടേതിനേക്കാള്‍ കുറഞ്ഞിരിക്കുകയും, തിരി 30 ഡിഗ്രിയില്‍ കുറഞ്ഞ കോണില്‍ (ആംഗിള്‍) പൂപ്പാളിയോട് ചേര്‍ന്നിരിക്കുകയും വേണം.
ഉല്‍പാദനം
ആന്തൂറിയം ചെടികളുടെ ശരിയായ വളര്‍ച്ചക്കും ധാരാളം പൂക്കള്‍ ഉണ്ടാകുന്നതിനും കൃത്യമായ തണലും അന്തരീക്ഷ ഈര്‍പ്പവും നല്ല വായു സഞ്ചാരവും ആവശ്യമാണ്. വലിയ ചെടികള്‍ക്ക് വേനലില്‍ 70 - 80 ശതമാനം തണല്‍ നല്‍കണം. കൃത്രിമ തണല്‍ വലകള്‍ ഉപയോഗിച്ച് തണല്‍ നല്‍കുന്നതാണ് ഏറ്റവും അഭികാമ്യം. എല്ലാ സ്ഥലത്തും ഒരു പോലെ തണല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. തീരെ ചെറിയ ചെടികള്‍ക്ക് 90 ശതമാനം വരെ തണല്‍ ആകാം. മരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെയിലാണ് ആന്തൂറിയത്തിന് ഉത്തമം. കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ രാസവളങ്ങള്‍ ചെടികള്‍ക്ക് നല്‍കുന്നതാണ് കൂടിയ അളവില്‍ കുറഞ്ഞ തവണ നല്‍കുന്നതിനേക്കാള്‍ നല്ലത്. കോംപ്ലക്‌സ് വളങ്ങള്‍ക്കു പകരം, പൂച്ചെടികള്‍ക്കായുള്ള വളങ്ങള്‍ കിട്ടുമെങ്കില്‍ അതുപയോഗിക്കുന്നത് നല്ലതാണ്. 3: 1: 1 എന്ന അനുപാതത്തില്‍ എന്‍.പി.കെ പൂക്കുന്നതിനു മുമ്പും 1: 2: 2 എന്ന അനുപാതത്തില്‍ എന്‍.പി.കെ പൂക്കാന്‍ തുടങ്ങിയ ശേഷവും കൊടുക്കുകയാണെങ്കില്‍ ഉത്തമമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."