തിരൂരില്‍ 45 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
തിരൂര്‍: ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്ന 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം തിരൂരില്‍ പിടികൂടി. കുഴല്‍പ്പണം കടത്തിയ വേങ്ങര കണ്ണാടിപ്പടി സ്വദേശി പൂവില്‍ മുഹമ്മദ് ഹനീഫ (43)യെ തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി വി.എ ഉല്ലാസിന്റെ നിര്‍ദേശപ്രകാരം പൊലിസ് പ്രതിയെ ഷൊര്‍ണൂരില്‍ നിന്ന് പിന്തുടരുകയായിരുന്നു. തിരൂരില്‍ ട്രെയിന്‍ ഇറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്. 44,99,500 രൂപയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
ചെന്നൈയിലെ ഏജന്റുമാരില്‍ നിന്ന് കുഴല്‍പ്പണം കൈപ്പറ്റി മൂന്നു ട്രെയിനുകളില്‍ മാറിക്കയറിയാണ് ഹനീഫ തിരൂരിലെത്തിയത്. ട്രെയിനുകളിലെല്ലാം നേരത്തെ തന്നെ ടിക്കറ്റ് റിസര്‍വ് ചെയ്തായിരുന്നു യാത്ര. പണം പ്രത്യേക തരം തുണി സഞ്ചിയിലാക്കി ശരീരത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു. വേങ്ങര കേന്ദ്രീകരിച്ച് കുഴല്‍പ്പണ വിതരണം നടത്തുന്നയാളാണ ഹനീഫയെന്ന് പൊലിസ് വ്യക്തമാക്കി. എന്നാല്‍ പണം ചെന്നൈയില്‍ നിന്ന് കെ.എസ്.എഫ്.ഇ ചിട്ടി കിട്ടിയതാണെന്നാണ് ഹനീഫയുടെ മൊഴി.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ രണ്ടര മാസമായി പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇതിന് മുന്‍പ് കുഴല്‍പ്പണം കടത്തുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് പൊലിസ് പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കുഴല്‍പ്പണക്കേസില്‍ ഹനീഫ ഇതാദ്യമായാണ് പിടിക്കപ്പെടുന്നത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
എ.എസ്.ഐ കെ.പ്രമോദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സി.വി രാജേഷ്, കെ രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഴല്‍പ്പണ വേട്ട. കഴിഞ്ഞ വര്‍ഷം മാത്രം തിരൂര്‍ ഡിവൈ.എസ്.പിയുടെ കീഴിലുള്ള അന്വേഷണത്തില്‍ 2.64 കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."