ലഹരി: കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 27,318 കേസുകള്‍
തിരുവനന്തപുരം: ലഹരി ഉല്പാദനവും വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം എക്സൈസ് വകുപ്പ് 27,318 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. അബ്കാരി നിയമപ്രകാരം 21,372 കേസുകളും എന്‍.ഡി.പി.എസ് നിയമപ്രകാരം 5,946 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവുമധികം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആലപ്പുഴ ജില്ലയിലാണ് (2535). തിരുവനന്തപുരവും (2059) കൊല്ലവുമാണ്(1958) തൊട്ടു പിന്നിലുള്ളത്.
ഏറ്റവും കുറവ് കേസുകള്‍ ഇടുക്കിയിലാണ് (816). മറ്റു ജില്ലകളിലെ കണക്കുകള്‍ പത്തനംതിട്ട(1367), കോട്ടയം(1416), എറണാകുളം(1327), തൃശൂര്‍(1687), പാലക്കാട്(1729), മലപ്പുറം(1569), കോഴിക്കോട്(1266), വയനാട്(930), കണ്ണൂര്‍(1510), കാസര്‍കോട്(1203) എന്നിങ്ങനെയാണ്.
എന്‍.ഡി.പി.എസ് കേസുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് തൃശൂര്‍ ജില്ലയാണ് (673). തൊട്ടുപിന്നില്‍ എറണാകുളവും(670) കൊല്ലവുമാണുള്ളത് (666). ഏറ്റവും കുറവ് എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസര്‍കോട് ജില്ലയിലാണ് (120). മറ്റു ജില്ലകളിലെ കണക്കുകള്‍ തിരുവനന്തപുരം(364), പത്തനംതിട്ട(212), ആലപ്പുഴ(519), കോട്ടയം(394), ഇടുക്കി(532), പാലക്കാട്(374), മലപ്പുറം(454), കോഴിക്കോട്(255), വയനാട്(362), കണ്ണൂര്‍(351) എന്നിങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."