തൊട്ടതെല്ലാം അലമ്പാകുന്ന കഷ്ടകാലം
പ്രതിപക്ഷത്തിരിക്കുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല ഭരണത്തിലെ ഇരിപ്പ്. രാഷ്ട്രീയമായ എതിര്‍പ്പും വെല്ലുവിളികളും ഒരുപാട് നേരിടേണ്ടി വരും. അതു നേരിടാനുള്ള ക്ഷമയോ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള സന്മനസ്സോ വേണ്ടിവന്നാല്‍ എതിര്‍പ്പിനെ പൊളിച്ചടുക്കാനുള്ള തന്ത്രമോ ഇല്ലാത്തവര്‍ ഭരണപ്പണിക്കു പോയാല്‍ പല ഘട്ടങ്ങളിലും സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലെത്തും. ചിലപ്പോള്‍ തൂമ്പ പ്രയോഗിച്ചാലും എടുക്കാനാവാതെ വിയര്‍ക്കും. അതാണിപ്പോള്‍ കേരളം ഭരിക്കുന്ന മുന്നണിയെ നയിക്കുന്ന സി.പി.എമ്മിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ തൊട്ടതെല്ലാം അലമ്പാകുകയാണ്.
തിരുവനന്തപുരത്തെ ലോ അക്കാദമി സമരത്തിന്റെ പേരില്‍ പാര്‍ട്ടി കേട്ടുകൊണ്ടിരിക്കുന്ന പഴിക്ക് കൈയും കണക്കുമില്ല. സമരത്തിന്റെ വിജയപരാജയങ്ങളെക്കുറിച്ച് പാര്‍ട്ടിയും അതിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ ന്യായമുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ പ്രവര്‍ത്തകരിലും അനുയായികളിലും ഒരു വിഭാഗമൊഴികെയുള്ള നാട്ടുകാരാരും തന്നെ അത് വിശ്വസിക്കുന്നില്ല. ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനാവാതെ വരുന്നതു മൂലമുണ്ടാകുന്ന ഈര്‍ഷ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന പഴിവാക്കുകളാകട്ടെ, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.
പരിധി കടന്ന ആത്മവിശ്വാസത്തില്‍ നിന്ന് പൊട്ടിമുളച്ച അതിബുദ്ധിയാണ് പാര്‍ട്ടിയെ ഈ പരുവത്തിലെത്തിച്ചതെന്നു തിരിച്ചറിയാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി ഇഴകീറിമുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയിലുള്ളവരോടു ചോദിച്ചാല്‍ മതിയാകും. ന്യായമെന്ന് പൊതുസമൂഹം സമ്മതിക്കുന്ന ആവശ്യങ്ങളുമായി വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയപ്പോള്‍ ആദ്യം മടിച്ചു നിന്ന് പിന്നീട് സമരരംഗത്തിറങ്ങിയ എസ്.എഫ്.ഐ, അവര്‍ മാനേജ്‌മെന്റിനൊപ്പമാണെന്ന സംശയം പരക്കാന്‍ വകയുണ്ടാക്കിക്കൊടുത്തു. പിന്നീട് ചില പാര്‍ട്ടി നേതാക്കളുടെ വാക്കും പ്രവൃത്തിയും ആ സംശയം ബലപ്പെടുത്തിക്കൊടുത്തു. ഇതിനിടയില്‍ കോളജ് നടത്തിപ്പുകാര്‍ രഹസ്യമായി എ.കെ.ജി സെന്ററിലെത്തി. തൊട്ടുപിറകെ എസ്.എഫ്.ഐക്കാര്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കി സമരത്തിലുള്ള മറ്റുള്ളവരെ അറിയിക്കാതെ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും കുട്ടികളത് ചെവിക്കൊണ്ടില്ല. പിന്നയും സമരം ദിവസങ്ങളോളം നീണ്ടു. ഒടുവില്‍ മറ്റുള്ളവര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ കയറിച്ചെല്ലുകയും അവരോടൊപ്പം പുതിയ കരാറില്‍ ഒപ്പിടുകയും ചെയ്യേണ്ട ഗതികേട് എസ്.എഫ്.ഐക്കുണ്ടായി. പതിറ്റാണ്ടുകളായി കൂടെ നിന്നവരടക്കം മറ്റു വിദ്യാര്‍ഥി സംഘടനകളെല്ലാം തന്നെ എസ്.എഫ്.ഐയുടെ ശത്രുചേരിയിലുമായി.
വിമര്‍ശനങ്ങളുടെ പെരുമഴ നേരിടാനാവാതെ വന്നപ്പോള്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ചു വര്‍ഷം മാറ്റിനിര്‍ത്തുന്നതടക്കം തങ്ങളുണ്ടാക്കിയ കരാറിലപ്പുറം ഒന്നും പുതിയ കരാറിലില്ലെന്ന വാദവുമായി പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിയും എസ്.എഫ്.ഐയും പാടുപെടുന്ന ഗതികേടിലെത്തി. എന്നാല്‍, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന വ്യവസ്ഥ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പോടെ അതില്‍ ചേര്‍ക്കാനായതാണ് തങ്ങളുടെ നേട്ടമെന്ന വാദവുമായി അതിനെ നേരിടുകയാണ് മറുപക്ഷം. ഇതില്‍ ശരി ഏതു വാദമായാലും ഒരു കാര്യം ഉറപ്പാണ്. സമരത്തിന്റെ ക്രെഡിറ്റ് ഒറ്റയ്ക്കു തട്ടിയെടുക്കാന്‍ കുരുട്ടുബുദ്ധി പ്രയോഗിക്കുന്നതിനു പകരം മറ്റു വിദ്യാര്‍ഥി സംഘടനകളുമായി സംസാരിച്ച് അവരെയും കൂട്ടി ചര്‍ച്ചയ്ക്കു പോയിരുന്നെങ്കില്‍ ഏറക്കുറേ അവര്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ സമരം തീര്‍ക്കാമായിരുന്നു. സമരത്തെ ഒറ്റിക്കൊടുത്തവര്‍ എന്ന പഴി കേള്‍ക്കുന്നത് ഒഴിവാക്കാനും പറ്റുമായിരുന്നു. എന്നാല്‍, തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നിയില്ല. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ വിരോധം സമ്പാദിച്ചതു മിച്ചം.
എസ്.എഫ്.ഐക്കാരേക്കാള്‍ പക്വമതികളാവേണ്ട പാര്‍ട്ടി നേതാക്കള്‍ കാര്യങ്ങള്‍ ഒന്നുകൂടി വഷളാക്കി. സമരം ഏല്‍പിച്ച ജാള്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ അതില്‍ പങ്കെടുത്ത മറ്റു പാര്‍ട്ടികളെയെല്ലാം ബന്ധിപ്പിച്ച് മറ്റൊരാരോപണം അഴിച്ചുവിട്ടു. സമരത്തിനു പിന്നില്‍ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ്- ബി.ജെ.പി കൂട്ടുകെട്ടാണെന്നായിരുന്നു ആരോപണം. കൂട്ടത്തില്‍ സി.പി.ഐയുമുണ്ടെന്ന് പറയാതെ പറയുകയും ചെയ്തു. പൊതുവായ ഒരാവശ്യത്തിനുള്ള സമരത്തില്‍ പല പാര്‍ട്ടികളും മറ്റു വിഷയങ്ങളിലെ ഭിന്നതകള്‍ മറന്ന് ഒത്തുചേരുന്നത് നാട്ടുനടപ്പാണെന്ന കാര്യം മറ്റാരേക്കാളും നന്നായി അറിയാവുന്ന സി.പി.എം നേതാക്കള്‍ തന്നെ ഇതു പറഞ്ഞ് പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങി. ഇനിയിപ്പോള്‍ അതിന്റെ ക്ഷീണം തീര്‍ക്കാന്‍ പുതിയ വാദങ്ങള്‍ കണ്ടെത്തണം. അത് ഇതിനേക്കാള്‍ വലിയ കുരിശായി മാറുമോ എന്ന് കാത്തിരുന്ന് കാണാം.
*** *** ***
എസ്.എഫ്.ഐയുടെ കഷ്ടകാലം അവിടെയും തീര്‍ന്നില്ല. ലോ അക്കാദമി വിവാദം കത്തിപ്പടരുന്നതിനിടയില്‍ തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐക്കാര്‍ ഒരു പണി ഒപ്പിച്ചു.
സ്വന്തം സംഘടനക്കാരിയടക്കം രണ്ടു വിദ്യാര്‍ഥിനികളോടൊപ്പം കാംപസിലെത്തിയ ഒരു യുവാവിനെ സദാചാരത്തിന്റെ പേരില്‍ ശരിക്കങ്ങ് തല്ലിച്ചതച്ചു. മറ്റു കാംപസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തു പെരുമാറുന്നതിനെതിരേ അധികൃതരില്‍ നിന്ന് എന്തെങ്കിലും നടപടിയുണ്ടായാല്‍ കൊടിപിടിച്ച് മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐക്കാര്‍ തന്നെ സദാചാര പൊലിസായാല്‍ അതുണ്ടാക്കുന്ന കോലാഹലം പറയേണ്ടതില്ലല്ലോ
.
പെണ്‍കുട്ടികള്‍ വിട്ടുകൊടുക്കാതെ രംഗത്തിറങ്ങിയപ്പോള്‍ അതു വലിയ വാര്‍ത്തയായി. തൊട്ടു പിറകെ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി കോളജില്‍ മറ്റൊരു സംഘടനയില്‍ പെട്ട പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കു നേരെയുമുണ്ടായി എസ്.എഫ്.ഐ ആക്രമണം. അതുകൂടിയാപ്പോള്‍ രംഗം കൊഴുത്തു.
ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ രംഗത്തിറങ്ങിയ എസ്.എഫ്.ഐയുടെ സൈബര്‍ പോരാളികള്‍ ഉപയോഗിച്ച വാക്കുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി അവരുടെ ശിരസ്സില്‍ തന്നെ വന്നു വീണു. സ്ത്രീത്വത്തെ എസ്.എഫ്.ഐക്കാര്‍ അപമാനിച്ചെന്ന വാദം തലങ്ങും വിലങ്ങുമെത്തി. ചാനലില്‍ മറുപടി പറയാന്‍ പോയ സംസ്ഥാന പ്രസിഡന്റും ഏതാണ്ട് സമാനമായ ഭാഷയില്‍ തന്നെ പെണ്‍കുട്ടികളെ നേരിട്ടപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ അലമ്പായി. ഇനിയിപ്പോള്‍ അതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടി പറയണം. ആ മറുപടി ഇതിലും വലിയ വിനയായാല്‍ പിന്നെ അതിനും ന്യായീകരണം കണ്ടെത്തണം.
മൊത്തത്തില്‍ നോക്കിയാല്‍ സി.പി.എമ്മിനും എസ്.എഫ്.ഐക്കുമൊക്കെ ഇപ്പോള്‍ കണ്ടകശനിയാണ്. അതിനു പരിഹാരക്രിയ ചെയ്യണം. അതൊട്ടും ലളിതമല്ല. പ്രസ്ഥാനത്തിന്റെ പോക്കും നേതാക്കളുടെ വാക്കുമൊക്കെ നിയന്ത്രിക്കാന്‍ നന്നായൊന്ന് അധ്വാനിക്കുക മാത്രമാണ് പോംവഴി. അതുണ്ടായില്ലെങ്കില്‍ കാര്യം കഷ്ടത്തിലാകും. കണ്ടകശനി കൊണ്ടേ പോകൂ എന്നാണ് പ്രമാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."