നിയമലംഘനം നടത്തുന്ന സ്‌കൂള്‍ ബസുകള്‍ പിടികൂടണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: നിയമങ്ങള്‍ കാറ്റില്‍ പറത്തി സര്‍വിസ് നടത്തുന്ന സ്‌കൂള്‍ ബസുകള്‍ പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ഗതാഗത കമ്മിഷണര്‍ക്കാണ് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദൃശ്യ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നിരവധി സ്‌കൂളുകള്‍ കുട്ടികളെ കൊണ്ടുവരുന്നതിന് സ്വകാര്യബസുകള്‍ ഏര്‍പ്പാടാക്കാറുണ്ട്. എന്നാല്‍, ഇത്തരം ബസുകള്‍ക്ക് സ്‌കൂള്‍ കുട്ടികളെ കൊണ്ടുവരാന്‍ ലൈസന്‍സ് ഉണ്ടാകണമെന്നില്ല. നിയമലംഘനങ്ങള്‍ കണ്ടാലും ഗതാഗതവകുപ്പ് നടപടി സ്വീകരിക്കാറില്ല. സ്‌കൂള്‍ അധികൃതരും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മില്‍ രഹസ്യ ധാരണ ഉള്ളതുകൊണ്ടാണ് അവരുടെ കണ്‍ മുന്‍പില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ പോലും പുറത്തുവരാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
30 കുട്ടികളെ കയറ്റാന്‍ അധികാരമുള്ള ബസില്‍ 100 പേരെയാണ് കയറ്റുന്നത്. ഇത് ബാലാവകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."