വരള്‍ച്ച നേരിടാന്‍ ജില്ല സുസജ്ജം
തൃശൂര്‍: വരള്‍ച്ചാസാധ്യത ഏറിവരുന്ന സാഹചര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേര്‍ത്തു മുന്‍കരുതല്‍ നടപടികള്‍ അവലോകനം ചെയ്യാനും പ്രശ്‌നപരിഹാര സാധ്യതകള്‍ ആരായാനും കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല വരള്‍ച്ചാ അവലോകന യോഗത്തില്‍ ധാരണയായി.
വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. വരള്‍ച്ചാ നിവാരണത്തിനായി നടപ്പാക്കുന്ന മുന്‍കരുതലുകല്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍തോറും സ്ഥാപിക്കുന്ന ശുദ്ധജല കിയോസ്‌ക്കുകളുടെ വിശദാംശങ്ങള്‍ അവയ്ക്കുള്ള മുന്നൊരുക്കങ്ങള്‍, ഫണ്ട് വിനിയോഗം, ജലശ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ യോഗം അവലോകനം ചെയ്തു.
പട്ടികജാതി- വര്‍ഗ- ഫിഷറീസ് കോളനികളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനു പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നു മന്ത്രി എ.സി. മൊയ്തീന്‍ യോഗത്തെ ഓര്‍മിപ്പിച്ചു. എസ്.സി, എസ്.ടി, ഫിഷറീസ് ഉദ്യോഗസ്ഥരുമായി പ്രത്യേക കൂടിയാലോചനയോഗം നടത്താന്‍ ജില്ലാകളക്ടര്‍ക്കു നിര്‍ദേശം നല്‍കി.
തൊഴിലുറപ്പു പദ്ധതികള്‍ വഴി സ്ഥാപിക്കുന്ന ശുദ്ധജല കിയോസ്‌കിന്റെ അടിത്തറ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുന്നതിനുള്ള നടപടികളെടുക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും തൊഴിലുറപ്പു പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററോടും യോഗം നിര്‍ദേശിച്ചു. ജില്ലയില്‍ വരള്‍ച്ചമൂലം 1.98 കോടി രൂപയുടെ വിളനഷ്ടമുണ്ടായതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു, ജലക്ഷാമംമൂലം ഭാരതപ്പുഴ ചാലായി മാറിയ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയിലും കൈവഴികളിലുമുള്ള ജലഅതോറിറ്റിയുടെ ശുദ്ധജല സ്രോതസുകള്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിര്‍മാണം പൂര്‍ത്തിയായിവരുന്ന കാറളം ശുദ്ധജല പദ്ധതിക്കാവശ്യമായ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനു കെ.എസ്.ഇ.ബിയുമായി ചര്‍ച്ച നടത്താന്‍ ജില്ലാകലക്ടര്‍ക്കു യോഗം നിര്‍ദേശം നല്‍കി.
പരസ്പരം കൂടിയാലോചിച്ചും ഒരു സംഘമായും വരള്‍ച്ചാനിവാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണു വേണ്ടതെന്നും ഇതിന് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി എ.സി. മൊയ്തീന്‍ അഭിപ്രായപ്പെട്ടു. വരള്‍ച്ചയെ നേരിടാന്‍ ജില്ല സുസജ്ജമായി വരികയാണെന്നു തെളിയിക്കുന്നതായിരുന്നു യോഗത്തിനു മുന്‍പെ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കണക്കുകള്‍.
1158 വാര്‍ഡുകളിലായി 1158 ശുദ്ധജ കിയോസ്‌ക്കുകളാണ് ജില്ലയില്‍ സ്ഥാപിക്കുക. പട്ടികജാതി കോളനികളില്‍ 61 കിയോസ്‌ക്കുകള്‍ 48 വാര്‍ഡുകളിലായി സ്ഥാപിക്കും. 144 ഇറിഗേഷന്‍ കനാലുകള്‍ 883 കിണറുകള്‍, 221 കുളങ്ങള്‍, 13 പൊതു കുളങ്ങള്‍ എന്നിവ തൊഴിലുറപ്പു പദ്ധതികള്‍ വഴി ഉപയോഗയോഗ്യമാക്കി.
151 കിണറുകള്‍ റീ ചാര്‍ജ്ജ് ചെയ്തു. ഭൂഗര്‍ഭ ജല അതോറിട്ടി 219 ഹാന്‍ഡ് പമ്പുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 230 ചെറുകിട ജലവിതരണ പദ്ധതികളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി വരുന്നു. യഥേഷ്ടം ജലം ലഭിക്കുന്ന 120 കുഴല്‍ക്കിണറുകള്‍ ഭൂഗര്‍ഭജല അതോറിട്ടിയുടെ കൈവശമുണ്ടെന്നും യോഗത്തെ അറിയിച്ചു.വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനു ലാബുകളെ ചുമതല നല്‍കി സഹായിക്കാന്‍ ജില്ലയിലെ പൊതു-സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാ സ സ്ഥാപനങ്ങളോടാവശ്യപ്പെട്ടാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. നിലവില്‍ ഉപയോഗത്തില്‍ ഇല്ലാത്ത 547 കുളങ്ങള്‍, 34 ക്വാറികള്‍, 14 ചിറകള്‍ എന്നിവ അടിയന്തിര ജലസ്രോതസുകളായി ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ ഉപയോഗപ്പെടുത്തുമെന്നകാര്യം ആലോചിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു.
മേയര്‍ അജിത ജയരാജന്‍, പി.കെ. ബിജു എംപി, എംഎല്‍എമാരാ യ മുരളി പെരുനെല്ലി, കെ.വി. അബ്ദുള്‍ ഖാദര്‍, യു.ആര്‍. പ്രദീപ്, അഡ്വ. കെ. രാജന്‍, വി.ആര്‍. സുനില്‍ കുമാര്‍, ഇ.ടി. ടൈസണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."