ചോദ്യപേപ്പറിലെ കോപ്പിയടി അന്വേഷിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍
പൊന്നാനി: പി.എസ്.സി നടത്തിയ ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപക പരീക്ഷയിലെ ചോദ്യങ്ങള്‍ കോപ്പിയടിച്ചെന്ന പരാതിയുമായി മലപ്പുറത്തെ ഉദ്യോഗാര്‍ഥികള്‍ നിയമസഭാ സ്പീക്കറെ സമീപിച്ചു.
പൊന്നാനിയിലെ വസതിയിലെത്തിയാണ് ഒരു പറ്റം ഉദ്യോഗാര്‍ഥികള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. നിലവിലെ പരീക്ഷ റദ്ദ് ചെയ്ത് സിലബസ് അനുസരിച്ചുള്ള പുതിയ പരീക്ഷ നടത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ ഏര്‍പ്പാടാക്കുമെന്നും, അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് ഉടന്‍ തുടര്‍നടപടികള്‍ എടുക്കുമെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കിയതായി പരാതിക്കാരിലൊരാളായ സൗദ പൊന്നാനി പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ നടപടിയെടുക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും പി.എസ്.സി ചെയര്‍മാനും അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപക പരീക്ഷയിലാണ് ചോദ്യങ്ങള്‍ കോപ്പിയടിച്ചതായി വ്യാപക പരാതി ഉയര്‍ന്നത്. പരിശീലന ചോദ്യാവലിയില്‍നിന്ന് ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയതിന് പുറമേ സോഷ്യോളജി സിലബസില്‍ നിന്നുള്ള ചോദ്യങ്ങളും ഇക്കണോമിക്‌സ് പരീക്ഷയില്‍ വന്നതായും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കണോമിക്‌സില്‍നിന്ന് 70 ശതമാനം ചോദ്യങ്ങളാണ് പരീക്ഷയില്‍ ചോദിക്കേണ്ടിയിരുന്നത്. ചോദ്യപേപ്പറിലെ 20ല്‍ അധികം ചോദ്യങ്ങള്‍ ചില വെബ് സൈറ്റുകളില്‍നിന്നും എം.ജി സര്‍വകലാശാലയുടെ ഡിഗ്രി അര്‍ബന്‍ സോഷ്യോളജി ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്നും പകര്‍ത്തിയതായുമാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.
ഇതിനു പുറമേ ഓരോ ചോദ്യം മൂന്നിടത്ത് ആവര്‍ത്തിക്കുകയും ചെയ്തു. ജനറല്‍ വിഭാഗത്തില്‍നിന്ന് ചോദിക്കേണ്ട 30 ശതമാനം ചോദ്യങ്ങളുടെ നിലവാരത്തേയും ഉദ്യോഗാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു. 2012 ലും ഇതേ നിലയില്‍ ചോദ്യങ്ങള്‍ ഗൈഡില്‍നിന്ന് പകര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."