ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ ഭേദഗതി
തിരുവനന്തപുരം: ചെറുകിട ആശുപത്രികളെ ഒഴിവാക്കി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതി. സായുധ സേനകളുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളെയും ആക്ടിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രാഥമിക ചികിത്സയും രോഗനിര്‍ണയവും നിരീക്ഷണവും നടത്തുന്ന സ്ഥാപനങ്ങളെയാണ് ആക്ടിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കും. ഗ്രാമീണ മേഖലയിലെ ചെറുകിട ആശുപത്രികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കേരളത്തിലെ ആരോഗ്യപരിപാലന മേഖലയെ തകര്‍ക്കാനേ ഉപകരിക്കൂവെന്ന് സബ്ജക്ട് കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തി. വ്യവസ്ഥകള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ഇപ്പോള്‍തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സ്ഥാപനങ്ങള്‍ പൂട്ടിപ്പോകും. 80 ശതമാനത്തോളംവരുന്ന ഇത്തരം ചികിത്സാലയങ്ങള്‍ പൂട്ടുന്നത് ഗ്രാമീണമേഖലയിലെ രോഗികളെയാണ് കൂടുതലായും ബാധിക്കുകയെന്നും അംഗങ്ങള്‍ വിലയിരുത്തി.
ദന്ത ചികിത്സ, മോഡേണ്‍ മെഡിസിന്‍, നാച്ചുറോപ്പതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ, യൂനാനി എന്നീ വിഭാഗങ്ങളെല്ലാം ബില്ലിനു കീഴിലാകും. സംസ്ഥാന ഗവേണിങ് കൗണ്‍സില്‍ ഫിസിയൊതെറാപ്പിസ്റ്റുകളെയും ഐ.എം.എ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.
ഫാര്‍മസി കൗണ്‍സില്‍ പ്രതിനിധി, പാരാമെഡിക്കല്‍ വിഭാഗത്തിന്റെ പ്രതിനിധി, യൂനാനി, സിദ്ധ വിഭാഗങ്ങളുടെ പ്രതിനിധി എന്നിവരെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്നും സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സബ്ജക്ട് കമ്മിറ്റിയിലെ മൂന്നു പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് ഭേദഗതി ബില്‍ സഭയിലേക്ക് അയച്ചിരിക്കുന്നത്. പത്തു കിടക്കകളുള്ള ആശുപത്രികളെയും ക്ലിനിക്കുകളെയും ഈ ബില്ലിന്റെ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന വിയോജനക്കുറിപ്പ് അംഗങ്ങളായ സി. മമ്മൂട്ടി, വി.എസ് ശിവകുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ രേഖപ്പെടുത്തി.
ആരോഗ്യ സെക്രട്ടറിക്കു പകരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ കൗണ്‍സിലിന്റെ ചെയര്‍മാനാക്കണം, നിയമവകുപ്പിന്റെ പ്രതിനിധിയെ ഒഴിവാക്കണം, നാമനിര്‍ദേശം ചെയ്യുപ്പെടുന്നവരുടെ കാലാവധി മൂന്നുവര്‍ഷമായി നിജപ്പെടുത്തണം, ആശുപത്രികള്‍ക്ക് സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിങ് നല്‍കണം, റേറ്റിങ്ങിന് അനുസൃതമായ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിക്കണം, ചെറുകിട, വന്‍കിട ആശുപത്രികള്‍ക്ക് ഒരേ പിഴത്തുക നിശ്ചയിച്ചിരിക്കുന്നത് ശരിയല്ല, അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമായി നിജപ്പെടുത്തണം, സംസ്ഥാന കൗണ്‍സില്‍ മൂന്നുമാസത്തിലൊരിക്കല്‍ ചേരണം, സാമ്പത്തിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ കൗണ്‍സില്‍ അംഗങ്ങള്‍ ആക്കരുത് എന്നീ വ്യവസ്ഥകളും വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷയായ സമിതിയില്‍ എം.എല്‍.എമാരായ പി.കെ ബഷീര്‍, ഗീതാഗോപി, സി. മമ്മൂട്ടി, യു. പ്രതിഭാഹരി, കാരാട്ട് റസാഖ്, റോഷി അഗസ്റ്റിന്‍, എ.കെ ശശീന്ദ്രന്‍, പി.കെ ശശി, ബി. സത്യന്‍, വി.എസ് ശിവകുമാര്‍, നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശ്, ജോയിന്റ് സെക്രട്ടറി എസ്. ഷാഹിന, ഡെപ്യൂട്ടി സെക്രട്ടറി പി.പി ഷാനവാസ്, അണ്ടര്‍ സെക്രട്ടറി ടി.എസ് പ്രേമാനന്ദ് എന്നിവരാണുള്ളത്. ഭേദഗതികള്‍ ഈ സഭാ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."