കളി മാറ്റാന്‍ പുള്‍ഗയും നില്‍മറും ബ്ലാസ്റ്റേഴ്‌സിലേക്ക്
കൊച്ചി: ഡല്‍ഹി ഡൈനാമോസിനെ വീണ്ടും തോല്‍പ്പിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ടീമിനെ ശക്തിപ്പെടുത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. പ്ലേ ഓഫ് പ്രതീക്ഷ വര്‍ധിച്ചതോടെ പുതിയ വിദേശ താരങ്ങളെ ടീമില്‍ എത്തിക്കാനാണ് നീക്കം. 12 മത്സരം കഴിഞ്ഞിട്ടും താളംതെറ്റിയോടുകയാണ് ബ്ലാസ്റ്റേഴ്‌സ് മധ്യനിര. കൂടുതല്‍ ഗോളടിച്ചു കൂട്ടാനുള്ള മുന്നേറ്റ നിരയുടെ കരുത്ത് വര്‍ധിപ്പിക്കണം. പുതിയ പരീക്ഷണത്തിലാണ് ഡേവിഡ് ജെയിംസ്. ഇതിനായി ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. പരുക്കേറ്റവരെ ഒഴിവാക്കി പുതിയ താരങ്ങളെ എത്തിക്കാനാണ് ശ്രമം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പ്രഥമ പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിഞ്ഞ സ്പാനിഷ് താരം വിക്ടര്‍ ഫൊക്കാര്‍ഡോയെന്ന പുള്‍ഗയെയും ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നില്‍മറെയും ടീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. ഇരുവരും ബ്ലാസ്റ്റേഴ്‌സില്‍ ചേരാനായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഡൈനാമോസിനെതിരായ പോരാട്ടം കാണാന്‍ വി.ഐ.പി ബോക്‌സിലും ഗാലറിയിലും പുള്‍ഗ എത്തിയിരുന്നു. മഞ്ഞ ജേഴ്‌സിയില്‍ താന്‍ ഉടന്‍ തന്നെ കളത്തിലെത്തുമെന്ന കുറിപ്പുകള്‍ പുള്‍ഗ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
ഐ.എസ്.എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ കരുത്തനായിരുന്നു പുള്‍ഗ. മൈതാനം നിറഞ്ഞു കളിച്ച പുള്‍ഗ കളിമെനയുന്നതിലും മിടുക്കു കാട്ടിയിരുന്നു. ഡേവിഡ് ജെയിംസിന്റെ പ്രത്യേക താത്പര്യത്തിലാണ് പുള്‍ഗ ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടും എത്തുന്നത്. മുന്‍ ബ്രസീല്‍ സ്‌ട്രൈക്കറായ നില്‍മര്‍ യു.എ.ഇ ക്ലബായ അല്‍ നാസറില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. അല്‍ നാസറിനായി 26 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ സമ്മാനിച്ചിരുന്നു. ബ്രസീല്‍ ദേശീയ ടീമിനായി 24 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ നിര്‍ല്‍മര്‍ നാല് ഗോളുകള്‍ സമ്മാനിച്ചു. പകരക്കാരന്റെ റോളിലായതോടെ ബ്ലാസ്റ്റേഴ്‌സിനോട് ഗുഡ്‌ബൈ പറഞ്ഞു എഫ്.സി ഗോവയിലേക്ക് ചേക്കേറിയ മാര്‍ക്ക് സിഫ്‌നിയോസിന് പകരം നില്‍മര്‍ ടീമില്‍ എത്തുമെന്നാണ് സൂചന.
ഐസ്‌ലന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്‌ജോണ്‍ ബാല്‍ഡ് വിന്‍സനെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ ടീമില്‍ എത്തിച്ചിരുന്നു. ഡൈനാമോസിനെതിരേ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ഗുഡ്‌ജോണ്‍ മനോഹരമായി കളിക്കുകയും ചെയ്തു. നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള എട്ട് വിദേശ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലുണ്ട്. രണ്ട് പേരെ ഒഴിവാക്കിയാല്‍ മാത്രമേ പുതിയ വിദേശ താരങ്ങളെ ടീമില്‍ എടുക്കാനാവു. പരുക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവ്, കെസിറോണ്‍ കിസിറ്റോ എന്നിവരെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏഴര കോടി നല്‍കി എത്തിച്ച ബെര്‍ബയെ ഒഴിവാക്കുന്നതിനോട് മാനേജ്‌മെന്റിന് താത്പര്യമില്ലെന്നാണ് അറിവ്. പരുക്കേറ്റ് പുറത്തിരിക്കുന്ന പ്രതിരോധ താരം നെമാഞ്ച പെസിച്ചിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകളും ബ്ലാസസ്റ്റേഴ്‌സ് ക്യാംപില്‍ നടക്കുന്നുണ്ട്. ഇന്നുതന്നെ ഒഴിവാക്കേണ്ട താരങ്ങളെയും പുതിയ താരങ്ങളുടെ സൈനിങും സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."