വിദേശത്തു നിന്നു തപാലില്‍ കടത്തിയ ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി
കൊച്ചി: വിദേശത്തു നിന്നു തപാലില്‍ എത്തിച്ച ഒന്നരക്കോടി രൂപയുടെ ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി. മേല്‍വിലാസക്കാരനായ കൊച്ചി സ്വദേശിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുന്‍പേ ഇയാള്‍ കടന്നുകളഞ്ഞു.
ഷേണായി ജങ്ഷന് സമീപത്തെ കൊച്ചി ഫോറിന്‍ പോസ്റ്റോഫീസിലെ ഇന്റര്‍നാഷണല്‍ മെയില്‍ സെന്ററില്‍ (ഐ.എം.സി) എത്തിയ പാഴ്‌സലിലാണ് അര കിലോ ആംഫിറ്റമിന്‍ കണ്ടെത്തിയത്. ഹോങ്കോങില്‍ നിന്ന് അയച്ച പാഴ്‌സല്‍ വിമാനമാര്‍ഗമാണ് കൊച്ചിയില്‍ എത്തിയത്.
തപാല്‍ വഴി ലഹരിമരുന്നു കടത്തിനു സാധ്യതയുണ്ടെന്നു കസ്റ്റംസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആംഫിറ്റമിന്‍ പിടികൂടിയത്. കാര്‍ഡ്‌ബോഡ് പെട്ടിക്കുള്ളില്‍ 120 ചെറിയ കുപ്പികളിലായിട്ടാണ് ഇത് ഉണ്ടായിരുന്നത്. ലഹരിമരുന്നു തന്നെയാണെന്നു ശാസ്ത്രീയമായി ഉറപ്പാക്കാന്‍ സാംപിള്‍ കാക്കനാട്ടെ റീജ്യനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്കയച്ചു.
നിശാ പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്നാണിതെന്ന് അധികൃതര്‍ പറഞ്ഞു. കസ്റ്റംസ് സൂപ്രണ്ട് വി.വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണു മയക്കുമരുന്നു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."