ക്വാറികള്‍ അടച്ച് പൂട്ടി: നിര്‍മാണമേഖലയിലെ പ്രവര്‍ത്തികള്‍ നിലക്കും
മാനന്തവാടി: ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടിയതോടെ ജില്ലയിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. നിരവധി കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ച് ക്വാറികള്‍ മാത്രം.
കരിങ്കല്ലുല്‍പന്നങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ ത്രിതല പഞ്ചായത്തുകളുടേത് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളും വീട് നിര്‍മാണങ്ങളും പ്രതിസന്ധിയിലായി. അഞ്ചു ഹെക്ടറോ അതില്‍ കുറവോ വിസ്തീര്‍ണമുള്ള ഭൂമിയില്‍ നിന്നും ധാതുഖനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രിം കോടതി ഉത്തരവ് വന്നതോടെയാണ് ജില്ലയിലെ ഭൂരിഭാഗം കരിങ്കല്‍ ക്വാറികളും അടച്ചു പൂട്ടിയത്. ഇത്തരത്തില്‍ 44 ക്വാറികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇവയുടെ പ്രവര്‍ത്തനം നിലച്ചതിന് ശേഷം അവശേഷിക്കുന്നത് ലീസ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ്. ജില്ലയില്‍ ഇത്തരത്തില്‍ 11 ക്വാറികളുണ്ടെങ്കിലും നിലവില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ചെണ്ണം മാത്രമാണ്. ഇതില്‍തന്നെ മുഴുവന്‍ ക്വാറിയുടമകളും കരിങ്കല്ല് പുറത്ത് വില്‍പന നടത്തുന്നില്ല. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ക്രഷര്‍ യൂനിറ്റുകളിലേക്ക് ആവശ്യമായ കല്ല് പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പുറത്ത് വില്‍ക്കുന്നവരാവട്ടെ കൂടിയ വില ഈടാക്കുന്നതായും പരാതിയുണ്ട്.
ഇതോടെയാണ് ചെറുകിട കരാറുകാരും വീട് നിര്‍മാണാവശ്യാര്‍ഥം കരിങ്കല്ല് തേടുന്നവരും ദുരിതത്തിലായത്. സംസ്ഥാനത്തു തന്നെ പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഏറ്റവും പിന്നിലാവാന്‍ കാരണമായത് നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യതയാണെന്ന് പറയപ്പെടുന്നു. ത്രിതല പഞ്ചായത്തുകളുടെ പുതിയ നിര്‍മാണ പ്രവര്‍ത്തികളേറ്റെടുക്കാന്‍ കരാറുകാരും മുന്നോട്ടു വരുന്നില്ല. നിലവില്‍ ഇതര ജില്ലകളില്‍ നിന്നും മെറ്റല്‍, ചിപ്‌സ് എന്നിവ ജില്ലയിലെത്തുന്നുണ്ട്. എന്നാല്‍ പാറക്കല്ലുകള്‍ (ബോളര്‍), മണല്‍ എന്നിവക്ക് ജില്ലയിലെ ക്വാറികളെ തന്നെയാണ് ആശ്രയിക്കുന്നത്.
അഞ്ച് ഹെക്ടറിന് താഴെയുള്ള ഭൂമിക്ക് പാരിസ്ഥിതികാനുമതി നല്‍കേണ്ടത് ജില്ലാകലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ തല പാരിസ്ഥികാഘാത നിര്‍ണയ കമ്മിറ്റിയാണെങ്കിലും ഇത് ലഭ്യമാവുക എളുപ്പമല്ലെന്ന് പറയപ്പെടുന്നു. ഇതിനോടകം ജില്ലയില്‍ നിന്നും ഇതിനായി അപേക്ഷ നല്‍കിയവ പലകാരണങ്ങളാല്‍ തള്ളപ്പെടുകയാണുണ്ടായത്. പാരിസ്ഥിതികാനുമതിക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."