ഐ.എന്‍.എസ് കരഞ്ച് അന്തര്‍വാഹിനി നീറ്റിലിറക്കി
മുംബൈ: നാവിക സേനക്ക് കരുത്തായി ഐ.എന്‍.എസ് കരഞ്ച് അന്തര്‍ വാഹിനി കപ്പല്‍ നീറ്റിലിറക്കി. പ്രോജക്ട് 75ന്റെ ഭാഗമായി ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മിച്ച സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി പരീക്ഷണ യാത്രക്കായാണ് ഇന്നലെ നീറ്റിലിറക്കിയത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ റീന ലാംബയാണ് കപ്പല്‍ നീറ്റിലിറക്കിയത്.
മുംബൈ മസഗോണ്‍ ഡോക് യാര്‍ഡില്‍ നിര്‍മിച്ച നാവിക സേനയുടെ ആറാമത്തെ മുങ്ങിക്കപ്പലാണ് ഐ.എന്‍.എസ് കരഞ്ച്.
ഒരുവര്‍ഷം സമുദ്രത്തില്‍ പരീക്ഷണ പ്രവര്‍ത്തനത്തിലാകും അന്തര്‍വാഹിനി. തുടര്‍ന്നായിരിക്കും കമ്മിഷന്‍ ചെയ്യുക.
1969 സെപ്റ്റംബര്‍ നാലിന് കമ്മിഷന്‍ ചെയ്ത ആദ്യത്തെ അന്തര്‍ വാഹിനിയായ ഐ.എന്‍.എസ് കരഞ്ച്, 2003 ഓഗസ്റ്റില്‍ ഡി കമ്മിഷന്‍ ചെയ്തു. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിലടക്കം പങ്കാളിയായ ഈ അന്തര്‍ വാഹിനി 34 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷമാണ് ഡീ കമ്മിഷന്‍ ചെയ്തത്.
ഇന്നലെ നീറ്റിലിറക്കിയ ഐ.എന്‍.എസ് കരഞ്ചിന് 1565 ടണ്‍ ഭാരമുണ്ട്.
ഐ.എന്‍.എസ് കല്‍വരി, ഐ.എന്‍.എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയായിട്ടാണ് ഇതും നാവിക സേനയുടെ ഭാഗമാകുന്നത്. സൂക്ഷ്മതയോടെ ശത്രുവിനെ തകര്‍ക്കാനുള്ള കഴിവ്, കുറഞ്ഞ ശബ്ദം, ജലത്തോട് ഇഴുകി ചേരുന്ന രൂപകല്‍പന എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കടലിലേയും കരയിലേയും ശത്രുക്കളെ ഒരുപോലെ നേരിടാനുള്ള സാങ്കേതിക വിദ്യയും ഇതിന്റെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."