സഊദി പൗരന്റെ ഇടപെടല്‍: അബുദാബി ജയിലില്‍ നിന്ന് ഇന്ത്യന്‍ യുവാവിന് മോചനം
ജിദ്ദ: ഒരേ കമ്പനിയില്‍ ഒരുമിച്ചു ജോലി ചെയ്യുന്ന പാകിസ്താനിയുമായി സംഘര്‍ഷമുണ്ടാക്കിയ കേസില്‍ അബുദാബിയില്‍ ജയിലിലായ ഇന്ത്യന്‍ യുവാവിന് സഊദി യുവാവിന്റെ ഇടപെടലിലൂടെ മോചനം. ഹായിലില്‍ സഊദി കുടുംബത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ദമ്പതികളുടെ മകന് അലിയാണ് അബുദാബിയില്‍ ജയിലിലായത്. മകനെക്കുറിച്ചുള്ള വിവരങ്ങള്‍ മുറിഞ്ഞതോടെ മകനെ അന്വേഷിച്ച് അബുദാബിയിലേക്ക് പോകുന്നതിന് മാതാവ് അനീസയും പിതാവ് യാസീനും സ്പോണ്സര് ഇയാദ ഖുദൈര്‍ അല്രിമാലിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പിതൃസഹോദര പുത്രനെ ഒപ്പം കൂട്ടിയാണ് ഇയാദ അല്രിമാലി ഇന്ത്യന്‍ യുവാവിനെ അന്വേഷിച്ച് അബുദാബിയിലേക്ക് പോയത്.
പൊലിസ് സ്റ്റേഷനിലും ജയിലുകളിലും മാറിമാറി അന്വേഷിച്ചാണ് യുവാവിനെ ഇവര്‍ കണ്ടെത്തിയത്. ജയില്‍ മോചനത്തിന് പാകിസ്താനിയുടെ മാപ്പ് ലഭിക്കുന്നതിന് കമ്പനിയെ സമീപിച്ചപ്പോള്‍ പാകിസ്താനി ലീവില്‍ സ്വദേശത്താണെന്ന് വ്യക്തമായി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മാപ്പ് നല്‍കുന്നതിന് പാകിസ്താനി സന്നദ്ധനായെങ്കിലും എതിര്‍കക്ഷി നേരിട്ട് ഹാജരാകാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് അധികൃതര്‍ അറിയിച്ചു. വീണ്ടും സുരക്ഷാ വകുപ്പുകളെ സമീപിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതോടെ പാസ്പോര്‍ട്ടിന്റെ ജാമ്യത്തില്‍ യുവാവിനെ അധികൃതര്‍ ജയിലില്‍നിന്ന് വിട്ടയയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."