ആഴ്‌സണല്‍ ഞെട്ടി; ലിവര്‍പൂളിന് വിജയം
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സ്വാന്‍സി സിറ്റി ആഴ്‌സണലിനെ അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹഡ്ഡേഴ്‌സ് ഫീല്‍ഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് സ്വാന്‍സീ സിറ്റിയോട് ആഴ്‌സണല്‍ അടിയറവ് പറഞ്ഞത്. പോയിന്റ് പട്ടികയില്‍ 17ാം സ്ഥാനത്തുള്ള ടീമാണ് സ്വാന്‍സീ സിറ്റി. രണ്ട് ഗോളിന്റെ തോല്‍വി വഴങ്ങിയതോടെ ആദ്യ നാലില്‍ ഉള്‍പെടുകയെന്ന ആഴ്‌സണലിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഗണ്ണേഴ്‌സ്. 25 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. 33ാം മിനുട്ടില്‍ ആഴ്‌സനലിനു വേണ്ടി നാച്ചോ മോണ്‍റിയലാണ് ആദ്യ ഗോള്‍ നേടിയത്. ഗോളാവേശം അടങ്ങും മുന്‍പ് തന്നെ 34ാം മിനുട്ടില്‍ സ്വാന്‍സീക്ക് വേണ്ടി ക്ലാരസ് ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ലീഡ് നേടാനായി ഉണര്‍ന്ന് കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിക്ക് ശേഷം മികച്ച മുന്നേറ്റത്തിലൂടെ ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു. ഇടത് വിങ്ങില്‍ നിന്ന് ആഴ്‌സണല്‍ കീപ്പര്‍ പീറ്റര്‍ ചെക്കിന് നല്‍കിയ മൈനസ് പാസ് തട്ടിയകറ്റുന്നതിനിടെ അബദ്ധത്തില്‍ സ്വാന്‍സീ താരം അയേവുവിന്റെ കാലില്‍ പന്ത് കിട്ടുകയായിരുന്നു. താരം അനായാസം പന്ത് വലയിലെത്തിച്ചതോടെ ആഴ്‌സണല്‍ ഒരു ഗോളിന് പിന്നിലായി. 86ാം മിനുട്ടില്‍ ക്ലുക്കോസിലൂടെ സ്വാന്‍സീ മൂന്നാം ഗോളും ഗണ്ണേഴ്‌സ് വലയിലാക്കിയതോടെ അവരുടെ തോല്‍വി പൂര്‍ണമായി.
മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. എംറെ കാന്‍ (26), റോബര്‍ട്ടോ ഫിര്‍മിനോ (45), മുഹമ്മദ് സലാഹ് (78) എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്.
വെസ്റ്റ്ഹാം യുനൈറ്റഡും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 24ാം മിനുട്ടില്‍ ക്രിസ്റ്റല്‍ പാലസിന് വേണ്ടി ക്രിസ്റ്റ്യന്‍ ബെന്‍ഡെക്കെയാണ് ഗോള്‍ നേടിയത്. വെസ്റ്റ്ഹാമിന് വേണ്ടി 43ാം മിനുട്ടില്‍ നോബിളാണ് വല ചലിപ്പിച്ചത്.
യുവന്റസ് ഫൈനലില്‍
മിലാന്‍: നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഇറ്റാലിയന്‍ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. സെമി പോരാട്ടത്തില്‍ യുവന്റസ് അറ്റ്‌ലാന്റയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. യുവന്റസിന്റെ അര്‍ജന്റീന താരം ഹിഗ്വയ്‌നാണ് കളിയുടെ മൂന്നാം മനുട്ടില്‍ ഗോള്‍ നേടിയത്. കളിയുടെ കൂടുതല്‍ സമയവും അറ്റ്‌ലാന്റയായിരുന്നു പന്ത് കൈവശം വെച്ചത്. എന്നാല്‍ അവര്‍ക്ക് ഗോള്‍ മടക്കാനായില്ല. എ.സി മിലാന്‍- ലാസിയോ പോരാട്ടത്തിലെ വിജയികളാണ് ഫൈനലില്‍ യുവന്റസിന്റെ എതിരാളികള്‍.
പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍
പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. റെന്നൈസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പി.എസ്.ജി തോല്‍പിച്ചത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. പി.എസ്.ജി മുന്നേറ്റ താരം എംബാപ്പെ ചുവപ്പ് കാര്‍ഡ് പുറത്തായെങ്കിലും അവര്‍ ഗോള്‍ വീഴാതെ പ്രതിരോധം കാത്തു. പരുക്കന്‍ കളി പുറത്തെടുത്തതിന് നെയ്മറിനും മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. പി. എസ്. ജിക്ക് വേണ്ടി തോമസ് മ്യൂനിയര്‍, മാര്‍ക്വിയോസ്, സെല്‍സോ എന്നിവര്‍ ഗോള്‍ നേടി. റെന്നൈസിന് വേണ്ടി ഡിയാഫ്ര സാക്കോ, സാഞ്ചിന്‍ പ്രിക് എന്നിവര്‍ വല ചലിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."