കമലാ സുരയ്യക്ക് ആദരമായി ഡൂഡിലൊരുക്കി ഗൂഗിള്‍
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. പേനയും ബുക്കും കയ്യിലേന്തി നില്‍ക്കുന്ന കമലയുടെ പെയിന്റിംഗാണ് ഗൂഗിള്‍ ഡൂഡിലായി ഒരുക്കിയിരിക്കുന്നത്.
കമലയുടെ എന്റെ കഥ എന്ന് കൃതിയുടെ പ്രസിദ്ധീകരണത്തിന്റെ ഓര്‍മ പുതുക്കലായിട്ടാണ് ആദരം. 1973 ഫെബ്രുവരി ഒന്നിനാണ് എന്റെ കഥ പുറത്തിറങ്ങിയത്. മാധവിക്കുട്ടിയുടെ ആത്മകഥ എന്നറിയപ്പെടുന്ന എന്റെ കഥയിലെ തുറന്നു പറച്ചിലുകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിലേറെ ജനപ്രിയവുമായിരുന്നു ഈ കൃതി. ഒരു നോവലിന്റെ സ്‌റ്റൈലിലാണ് അവര്‍ എന്റെ കഥയും എഴുതിയത്.
മിഷനറി സ്‌കൂളുകളിലെ പഠന കാലത്തില്‍ തുടങ്ങി വിവാഹം ദാമ്പത്യം, വിവാഹേതരബന്ധങ്ങള്‍, മക്കള്‍ അങ്ങിനെ താന്‍ എഴുത്തുകാരിയായതുവരെയുള്ള കാര്യങ്ങള്‍ പറഞ്ഞു വെക്കുന്നു അവര്‍ എന്റെ കഥയില്‍.
1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടിലായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ ജനനം. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികള്‍ രചിച്ചിട്ടുള്ള കമല മാധവിക്കുട്ടി എന്ന തൂലികാനാമത്തിലാണ് കഥകളെഴുതിയിരുന്നത്.
മലയാളത്തില്‍, മതിലുകള്‍, തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്ടപ്പെട്ട നീലാംബരി, തണുപ്പ്, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍ സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്റ്റഡ് പോയംസ് എന്നീ കവിതാസമാഹാരങ്ങളും കമല രചിച്ചിട്ടുണ്ട്.
1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി. ഇലസ്‌ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, കേരള ഫോറസ്റ്ററി ബോര്‍ഡ് ചെയര്‍മാന്‍, ''പോയറ്റ്'' മാസികയുടെ ഓറിയന്റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."