തെരുവുകലാകാരന്മാര്‍ക്കായ് സൗജന്യ ഭവന പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: ഇന്ദ്രജാല-സര്‍ക്കസ് രംഗത്തെ തെരുവുകലാകാരന്മാര്‍ക്ക് മാജിക് അക്കാദമി ഒരുക്കുന്ന പുനരധിവാസ കേന്ദ്രമായ ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതിക്ക് കഴക്കൂട്ടം ചന്തവിളയില്‍ തുടക്കമായി. ആര്‍ട്ടിസ്റ്റ് വില്ലേജിന്റെ ശിലാഫലക അനാച്ഛാദന കര്‍മം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
തെരുവു കലാകാരന്മാര്‍ക്ക് ആശ്രയമെന്ന നിലയില്‍ ഒരുക്കുന്ന ഏറ്റവും അഭിമാനാര്‍ഹമായ പദ്ധതിയാണ് ആര്‍ട്ടിസ്റ്റ് വില്ലേജെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പൊതുജീവിതത്തിലെ ഏറ്റവും ധന്യവും അത്യപൂര്‍വവും ഹൃദയത്തില്‍ തൊടുന്നതുമായ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും മനുഷ്യസ്‌നേഹത്തിന്റെ മഹേന്ദ്രജാലം കാണിക്കാന്‍ മുതുകാടിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴക്കൂട്ടം ചന്തവിളയില്‍ ആര്‍ട്ടിസ്റ്റ് വില്ലേജിനായി മുതുകാട് നല്‍കിയ 30 സെന്റ് സ്ഥലത്താണ് ചടങ്ങുകള്‍ നടന്നത്. മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന്റെ മാസ്റ്റര്‍ പ്ലാന്‍ റിലീസ് കെ.എസ് ചിത്ര നിര്‍വഹിച്ചു.
30 സെന്റ് സ്ഥലം മുതുകാട് മാജിക് അക്കാദിക്ക് നല്‍കിക്കൊണ്ട് സമ്മതപത്രം രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് കൈമാറി. ചടങ്ങിന് മുതുകാട് ദേവകി അമ്മ ഭദ്രദീപം തെളിയിച്ചു. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന് സമീപത്താണ് ആര്‍ട്ടിസ്റ്റ് വില്ലേജ് പണിയുന്നത്.
21 വീടുകളാണ് പണിയുന്നത്. ആദ്യഘട്ടത്തില്‍ 7 യൂനിറ്റ് വീടുകള്‍ പൂര്‍ത്തീകരിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി തെരുവു മാന്ത്രികരും സര്‍ക്കസ് കലാകാരന്മാരും പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇവരില്‍ പലര്‍ക്കും അന്തിയുറങ്ങാന്‍ ഒരു സ്ഥലമോ, സ്ഥിര വരുമാനമോ ഇല്ല.
പലര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ല. ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പദ്ധതി ഇത്തരക്കാര്‍ക്കായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ദ്രജാല-സര്‍ക്കസ് കലാകാരന്മാര്‍ക്ക് സ്ഥിരവരുമാനമെന്ന നിലയില്‍ മാജിക് പ്ലാനറ്റില്‍ തങ്ങളുടെ പ്രകടനങ്ങള്‍ അവതരിപ്പിക്കുവാനുള്ള അവസരവും അവര്‍ക്ക് താമസിക്കാനായി വീടും നല്‍കുന്നതാണ് ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതിയുടെ ലക്ഷ്യം. ആര്‍ട്ടിസ്റ്റ് വില്ലേജില്‍ ഒരു എജ്യൂക്കേഷന്‍ സെന്ററും വിഭാവനം ചെയ്തിട്ടുണ്ട്.
കലാകാരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന തരത്തിലാണ് എജ്യൂക്കേഷന്‍ സെന്റര്‍ ഒരുക്കുന്നത്.
ആര്‍ട്ടിസ്റ്റ് വില്ലേജില്‍ താമസിക്കുന്ന കലാകാരന്മാര്‍ക്ക് തുല്യതാപരീക്ഷ എഴുതാനുള്ള സൗകര്യവും കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനും അവസരമൊരുക്കുമെന്നും മുതുകാട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."