സഊദിയില്‍ വനിതകള്‍ക്ക് കായിക വിനോദകേന്ദ്രങ്ങള്‍ തുടങ്ങുന്നു
ജിദ്ദ:സഊദിയില്‍ വനിതകള്‍ക്കായി കായിക വിനോദ കേന്ദ്രങ്ങള്‍ അനുവദിക്കുന്നു. ഈ മാസം അവസാനത്തോടെ വനിതകളുടെ കായിക വിനോദ കേന്ദ്രത്തിന് ലൈസന്‍സ് നല്‍കുമെന്നും എല്ലാ ജില്ലകളിലും ഇവ ആരംഭിക്കാനാണ് ശ്രമമെന്നും സ്പോര്‍ട്സ് അതോറിറ്റിയിലെ വനിതാ ക്ഷേമകാര്യ വിഭാഗം വൈസ് പ്രസിഡന്റ് സുല്‍ത്താന റിമാ ബിന്ത് ബന്ദര്‍ രാജകുമാരി വ്യക്തമാക്കി.
തൊഴില്‍, വാണിജ്യ, ഗ്രാമീണകാര്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് ലൈസന്‍സ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളില്‍ പരിശീലനം നല്കുന്ന ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നല്‍കില്ല.
ശരീരഭാരം കുറയ്ക്കുന്നതിനും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും മുന്‍ഗണന നല്കി നീന്തല്‍, ബോഡി ബില്‍ഡിങ് പരിശീലനം അനുവദിക്കും.
ജിമ്മുകളിലെ പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കിടയില്‍ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക വഴി രോഗങ്ങളെ പ്രതിരോധിക്കാന്‍ വനിതകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് റിമാ ബിന്ത് ബന്ദര്‍ രാജകുമാരി പറഞ്ഞു.
സ്വകാര്യ സംരംഭകരെ വനിതാ ജിംനേഷ്യം തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും കായിക കേന്ദ്രങ്ങളില്‍ വനിതാ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."