തകരുന്ന എന്‍.ഡി.എ; കരുത്താര്‍ജിക്കുന്ന കോണ്‍ഗ്രസ്
എല്ലാ കാലത്തും എല്ലാവരെയും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന ആപ്തവാക്യം അന്വര്‍ഥമാക്കുമാറ് ദേശീയ ജനാധിപത്യ സഖ്യമെന്ന പേരില്‍ ഇന്ത്യന്‍ ജനതയെ വഞ്ചിച്ചുകൊണ്ടിരുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിന് തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നുവെന്ന സൂചന ജനാധിപത്യ മതേതര കക്ഷികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസിന്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും വലിയ പതനത്തില്‍നിന്നു കരകയറ്റിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി തന്നെയാണ് അഭിമാനാര്‍ഹമായ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണക്കാരന്‍.
നടനവൈഭവം കൊണ്ടും വിദേശ പബ്ലിസിറ്റി കമ്പനികളുടെ പ്രചണ്ഡമായ പ്രചാരണങ്ങളെത്തുടര്‍ന്നും അധികാരത്തിലെത്തിയ നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളുടെ പ്രിയങ്കരനാണെന്ന് ഇന്ത്യയിലെ കര്‍ഷകരും ചെറുകിട കച്ചവടക്കാരും തിരിച്ചറിഞ്ഞു എന്നതും എന്‍.ഡി.എ മുന്നണിയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമാണ് ഇത് ഏറെ പ്രതീക്ഷ നല്‍കുന്നത്. ജുഡിഷ്യറി പോലും ഇന്ത്യന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുമോ എന്നു പൊതുസമൂഹം ആശങ്കപ്പെടുന്ന സമീപകാലത്ത് ഇന്ത്യയുടെ ജീവശ്വാസമായി മതേതര ജനാധിപത്യം നിലനില്‍ക്കുമെന്ന പ്രതീക്ഷകളാണ് അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്നത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് നരേന്ദ്ര മോദിയുടെ വ്യാജ വ്യക്തിപ്രഭാവത്തിനേറ്റ ആദ്യ പ്രഹരം. ജന്മനാട്ടിലെ മുടിചൂടാമന്നനായിട്ടും ചായക്കട പുരാണം പലവട്ടം ആവര്‍ത്തിച്ചിട്ടും രണ്ടു പ്രാവശ്യം എതിരാളികളില്ലാത്ത മുഖ്യമന്ത്രിയായിട്ടും തോല്‍വിക്കൊത്ത വിജയമാണ് നേടാനായത്. അതുതന്നെ ഒരു പ്രധാനമന്ത്രിക്ക് ചേരാത്ത വിധം ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പാകിസ്താനെന്ത് കാര്യം എന്ന വിഷലിപ്ത പ്രസംഗം നടത്തിയതിനെത്തുടര്‍ന്നും. എന്നിട്ടും ഗ്രാമങ്ങള്‍ ബി.ജെ.പിയെ കൈവിട്ടു.
രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ഇന്ത്യ പൂര്‍ണമായും ബി.ജെ.പിയെ കൈവിട്ടു കൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. രാജസ്ഥാനിലെ അജ്മീര്‍, ആല്‍വാര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡല്‍ ഗല്‍ നിയമസഭാമണ്ഡലത്തിലും ബി.ജെ.പിയെ നിലംപരിശാക്കിയാണ് കോണ്‍ഗ്രസ് വിജയത്തിന്റെ വെന്നിക്കൊടി ഉയര്‍ത്തിയത്.
2014ല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് സചിന്‍ പൈലറ്റ് 1.71 ലക്ഷം വോട്ടിന് പരാജയപ്പെട്ടിടത്താണ് ഈ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നത്.സംസ്ഥാനങ്ങളില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വില കൊടുത്തുവാങ്ങുന്ന അമിത് ഷായുടെ കച്ചവട തന്ത്രം ഇനി നടക്കുമെന്ന് തോന്നുന്നില്ല. ഗോവയിലും മണിപ്പൂരിലും ഈ കുതന്ത്രമായിരുന്നുവല്ലോ ബി.ജെ.പി പയറ്റിയത്. മാറുന്ന ജനവികാരങ്ങള്‍ക്കനുസൃതമായി ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന സഖ്യകക്ഷികളുടെ മനസ്സും മാറിക്കൊണ്ടിരിക്കയാണ്. ശിവസേന വളരെ നേരത്തെ തന്നെ ഇതിന് തുടക്കം കുറിച്ചതാണ്. ഇപ്പോഴിതാ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും പുറത്തേക്കുള്ള വഴി തേടുന്നു.
16 എം.പിമാരാണ് പാര്‍ലമെന്റില്‍ നിന്ന് രാജിവയ്ക്കാന്‍ അവസരം പാര്‍ത്തിരിക്കുന്നത്. അധികാര കൊതിയനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വഴിപിരിയലിന്റെ വക്കിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റ് മാത്രമേ തരൂവെന്ന ബി.ജെ.പി തിട്ടൂരമാണ് നിതീഷിനെ ചൊടിപ്പിച്ചിരിക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഘടകകക്ഷികളുടെ പടല പൊഴിച്ചില്‍ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.
രാജസ്ഥാനിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞതിലൂടെ 12 നിയമസഭാ മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നോര്‍ക്കണം. പെഹ്‌ലുഖാന്‍ എന്ന മുസ്‌ലിം കര്‍ഷകനെ കൊന്ന സംഘ്പരിവാറിനെ സംസ്ഥാനത്തെ ജനങ്ങള്‍ വെറുത്തു തുടങ്ങിയിരിക്കുന്നു. രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരു ഘട്ടത്തിലും ബി.ജെ.പിക്ക് ലീഡ് നേടാനായില്ല. മണ്ഡല്‍ ഗല്‍ നിയമസഭാ സീറ്റില്‍ 12,000 വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തറപറ്റിച്ചത്. ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത് പോലെ രാജസ്ഥാന്‍ ബി.ജെ.പിയെ മുത്വലാഖ് ചൊല്ലിയിരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷം ഇത്തരമൊരു പരുവത്തിലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തെ കുറ്റപ്പെടുത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടില്‍ തന്നെയാണ് സി.പി.എം. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ഈ തീരുമാനം തന്നെയാവും ഉണ്ടാവുക. കോണ്‍ഗ്രസിന്റെ സാമ്പത്തിക നിലപാടില്‍ മാത്രമേ പാര്‍ട്ടിക്ക് തര്‍ക്കമുള്ളൂ. പാര്‍ട്ടി നേതാക്കളും നേതാക്കളുടെ മക്കളും പ്രവാസി മുതലാളിമാരുടെ സഹായത്തോടെ സമാന്തര സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. സി.പി.എം നേതാക്കളില്‍ പലരുടെയും ശരീരഭാഷ പഴയ തൊഴിലാളി നേതാക്കളുടേതല്ല.
മക്കള്‍ക്ക് നേരെ ചൊവ്വെ തൊഴിലെടുക്കാന്‍ സ്വന്തം കൂര വിറ്റ് , ജന്മനാട് വിടേണ്ടി വന്ന പാലൊളി മുഹമ്മദ് കുട്ടിയും സി.പി.എം നേതാവണല്ലൊ എന്നോര്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു. ആഡംബര പ്രിയരായ, ധനാഡ്യരായിക്കൊണ്ടിരിക്കുന്ന നേതാക്കളുള്ള സി.പി.എം പല സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നോട്ടയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് അവരെ യു.പി.എക്കൊപ്പം കൂട്ടാതിരിക്കുന്നതായിരിക്കും ബുദ്ധി. അതായിരിക്കുംകോണ്‍ഗ്രസിന് ഗുണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."