ഇക്കുറി ആശ്വാസമില്ല സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് തിരിച്ചടി
തൊടുപുഴ: സഹകരണ ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുന്നതിനും കുടിശ്ശികയുള്ള വായ്പക്കാര്‍ക്ക് ആശ്വാസം നല്കുന്നതിനുമായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസ പദ്ധതി ഇക്കുറിയില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആശ്വാസ് എന്നും പിണറായി സര്‍ക്കാര്‍ നവകേരളീയം എന്ന പേരിലുമാണ് കുടിശ്ശിക നിവാരണ - ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജനുവരി ആദ്യം പദ്ധതി പ്രഖ്യാപിക്കുകയും ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാകുകയും ചെയ്തിരുന്നു. ഡിസംബര്‍ 31 വരെ കുടിശ്ശികയായ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിച്ചിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷവും കൃത്യമായി ജനുവരിയില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍, മരണപ്പെട്ടവര്‍, അപകടംപറ്റി ശയ്യാവലംബരായവര്‍, മാരകരോഗം ബാധിച്ചവര്‍, അവരുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍ മരണപ്പെടുകയും അവര്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്ക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവു ലഭിച്ചിരുന്നു. വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തിക സ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ബാങ്ക് ഭരണസമിതി വിലയിരുത്തി വായ്പക്കാരനുമായുള്ള ധാരണപ്രകാരമായിരുന്നു തിരിച്ചടവ് തീരുമാനിച്ചിരുന്നത്.
ഇവര്‍ക്ക് പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്കും പദ്ധതി ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാല്‍, ഇക്കുറി കുടിശ്ശിക നിവാരണ - ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംബന്ധിച്ച് ഇതുവരെ സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, പലിശ കുറയ്ക്കല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ സഹകരണ ബാങ്കുകള്‍ കാറ്റില്‍ പറത്തുകയാണ്. എന്നാല്‍, നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാനുള്ള നിര്‍ദേശം കൃത്യമായി പാലിക്കുന്നുമുണ്ട്. സഹകരണ രജിസ്ട്രാര്‍ വായ്പകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിയ പലിശ നിരക്ക് 13.5 ശതമാനമാണ്. അനിവാര്യഘട്ടങ്ങളില്‍ മാത്രമേ ഈ കൂടിയ നിരക്ക് ഈടാക്കാവൂ. എന്നാല്‍, അര്‍ബന്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സര്‍വിസ് സഹകരണ ബാങ്കുകള്‍ ഈടാക്കുന്നത് ഈ കൂടിയ പലിശ നിരക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."